# ലയണൽ മെസിക്ക് ആറാം തവണയും ബാലൺ ഡി ഓർ പുരസ്കാരം
# വനിതാ വിഭാഗം പുരസ്കാരം മേഗൻ റാപ്പീനോയ്ക്ക് തന്നെ
പാരീസ് : ലോക ഫുട്ബാളിലെ വ്യക്തിഗത മികവിനുള്ള ഏറ്റവും തിളക്കമേറിയ പുരസ്കാരങ്ങളിലൊന്നായ ഫ്രഞ്ച് ഫുട്ബാൾ മാഗസിന്റെ ബാലൺ ഡി ഓറിന് അർജന്റീനിയൻ മാന്ത്രികൻ ലയണൽ മെസി അർഹനായി. ഇത് ആറാം തവണയാണ് പുരസ്കാരം മെസിയെത്തേടിയെത്തുന്നത്. അഞ്ച് തവണ പുരസ്കാരം നേടിയിട്ടുള്ള സമകാലീന പ്രതിഭ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മൂന്നാമനാക്കിയാണ് മെസി പാരീസിൽ കിരീടത്തിളക്കത്തിലേക്ക് ചുവടുവച്ചത്. ചരിത്രിൽ ഏറ്റവും കൂടുതൽ തവണ ബാലൺ ഡി ഓർ പുരസ്കാരം നേടിയ താരമെന്ന നേട്ടവും സ്വന്തമാക്കിയ മെസിയാണ് ഫിഫയുടെ ഈ വർഷത്തെ ബെസ്റ്റ് ഫുട്ബാളർ പുരസ്കാരവും സ്വന്തമാക്കിയിരുന്നത്.
ലോകമെമ്പാടും നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഫുട്ബാൾ ലേഖകർ വോട്ടിംഗിലൂടെയാണ് അവാർഡ് ജേതാവിനെ നിശ്ചയിച്ചത്.
അർജന്റീനയെ കോപ്പ അമേരിക്ക ടൂർണമെന്റിൽ മൂന്നാം സ്ഥാനത്തെത്തിച്ചതും ബാഴ്സലോണയെ സ്പാനിഷ് ലാലിഗ ചാമ്പ്യൻമാരാക്കിയതുമാണ് മെസിയെ ബാലൻഡ ഡി ഓർ ജേതാവാക്കിയത്. അതേ സമയം ഇംഗ്ളീഷ് ക്ളബ് ലിവർപൂളിനെ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളും ഇംഗ്ളീഷ് പ്രിമിയർ ലീഗ് റണ്ണർ അപ്പുകളുമാക്കിയതിൽ സുപ്രധാന പങ്ക് വഹിച്ച ഡച്ച് ഡിഫൻഡർ വിർജിൽ വാൻഡിക്ക് മെസിക്ക് പിന്നിൽ രണ്ടാമനായി. ലിവർപൂളിന്റെ താരങ്ങളായ സെനഗലുകാരൻ സാഡിയോ മാനേ, ഈജിപ്തുകാരൻ മുഹമ്മദ് സലാ, ബ്രസീലുകാരൻ ഗോളി ആലിസൺ ബേക്കർ എന്നിവരും സാദ്ധ്യതാ പട്ടികയിലുണ്ടായിരുന്നു.
ലോകകപ്പിൽ അമേരിക്കയെ നാലാം തവണയും കിരീടം നേടാൻ തുണച്ച മേഗൻ റാപ്പിനോയാണ് മികച്ച വനിതാ താരത്തിനുള്ള ബാലൺ ഡി ഓർ നേടിയത്. റാപ്പീനോ അവാർഡ് സ്വീകരിക്കാൻ എത്തിയിരുന്നില്ല.
മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം ആലിസൺ ബാക്കർ സ്വന്തമാക്കി.
2009, 2010, 2011, 2012, 2015 വർഷങ്ങളിലാണ് മെസി ഇതിന് മുമ്പ് ബാലൺ ഡി ഓർ നേടിയത്.
2008 മുതൽ 2019 വരെയുള്ള കാലയളവിൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അല്ലാതെ ബാലൺഡി ഓർ നേടിയത് 2018ൽ ലൂക്കാ മാഡ്രിച്ച് മാത്രം.
6/10
കഴിഞ്ഞ പത്ത് ബാലൺഡി ഓർ പുരസ്കാരങ്ങളും എത്തിയത് മെസിയുടെ ഷോക്കേസിൽ
''പത്തുകൊല്ലം മുമ്പ് എന്റെ ആദ്യ ബാലൺ ഡി ഓർ ഏറ്റുവാങ്ങാൻ മൂന്ന് സഹോദരങ്ങൾക്കൊപ്പമാണ് ഞാൻ വന്നത്. ഇന്ന് എന്റെ ഭാര്യയ്ക്കും കുട്ടികൾക്കും ഒപ്പവും''.
ലയണൽ മെസി