തിരുവനന്തപുരം: അദ്ധ്യയനമില്ലാത്ത ദിവസം യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ കടന്ന് കമ്പ്യൂട്ടർ ലാബിന്റെയും ക്ലാസ് മുറികളുടെയും ജനൽച്ചില്ലുകൾ തകർത്ത സംഭവത്തിൽ അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. ഇസ്ലാമിക് ഹിസ്റ്ററി അവസാനവർഷ ബിരുദ വിദ്യാർത്ഥികളായ എച്ച്. ഹാഫിസ് ഖാൻ, എ.എഫ്. അംഷാദ് എന്നിവരുൾപ്പെടെ അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്.
സ്റ്റാറ്റിസ്റ്റിക്‌സ്, ഗണിത വിഭാഗങ്ങളിലെ മുറികളിലെ ജനൽച്ചില്ലുകളാണ് ഇവർ തല്ലിത്തകർത്തത്. സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലെ കമ്പ്യൂട്ടർ ലാബിന്റെയും ഗണിതവിഭാഗം ക്ലാസ് മുറിയുടെയും നാല് ജനലുകളാണ് തല്ലിത്തകർത്തത്. അദ്ധ്യാപകരുടെ വാഹനങ്ങളും കേടുവരുത്തിയിരുന്നു. തിങ്കളാഴ്ച വൈകിട്ട് 5.30ഓടെ അദ്ധ്യാപകരുടെ മുന്നിലായിരുന്നു സംഭവം. സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവി സോമശേഖരൻപിള്ളയും ഗണിത വിഭാഗം മേധാവി ബാബുവും ഇന്നലെ രാവിലെ പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. ഇതാണ് പൊലീസിന് കൈമാറിയത്. സംഭവത്തിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അടിയന്തരമായി ഇടപെടുകയും പരാതി നൽകാൻ പ്രിൻസിപ്പലിനോട് നിർദ്ദേശിക്കുകയുമായിരുന്നു. അതേസമയം എസ്.എഫ്.ഐക്കും കെ.എസ്.യുവിനുമെതിരായ പരാതികളിൽ കോളേജ് കൗൺസിൽ നിയോഗിച്ച അന്വേഷണ കമ്മിഷൻ ഇന്നലെ വിദ്യാർത്ഥികളിൽ നിന്ന് മൊഴിയെടുത്തു. ഇരുവിഭാഗങ്ങളും കമ്മിഷന് മുന്നിൽ മൊഴി നൽകി.

എസ്.എഫ്.ഐക്കെതിരെ

വീണ്ടും വിദ്യാർത്ഥികൾ

എസ്.എഫ്.ഐയുടെ നിലപാടിനെ ചോദ്യം ചെയ്‌ത് യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥികൾ വീണ്ടും രംഗത്ത്. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഇന്നലെ കന്റോൺമെന്റ് പൊലീസ് സ്‌റ്റേഷനിലേക്ക് നടന്ന പ്രകടനത്തിന് കോളേജിൽ നിന്നു നിർബന്ധിച്ച് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ ശ്രമിച്ചതിനെച്ചൊല്ലിയാണ് വാക്കുതർക്കമുണ്ടായത്. ബോട്ടണി, കെമിസ്ട്രി, ഫിലോസഫി വിഭാഗങ്ങളിലെ ക്ലാസുകളിൽ നിന്നും വിദ്യാർത്ഥികളെ നിർബന്ധിപ്പിച്ച് പുറത്തിറക്കിയതിനെ ചോദ്യം ചെയ്‌ത് ഒരു വിഭാഗം രംഗത്തെത്തി.