ഇന്ത്യ - വിൻഡീസ് ട്വന്റി - 20 ക്ക് ഇനി 5 ദിവസം കൂടി
8-ാം തീയതി കാര്യവട്ടം സ്പോർട്സ് ഹബിൽ നടക്കുന്ന ഇന്ത്യാ - വെസ്റ്റ് ഇൻഡീസ് ട്വന്റി - 20 പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. പിച്ച് അവസാനവട്ട മിനുക്കു പണികളിലാണെന്ന് ക്യൂറേറ്റർ ബിജു പറഞ്ഞു. പിച്ച് റോളിംഗും ഗ്രൗണ്ടിലെ പുല്ല് കട്ട് ചെയ്യലും നടക്കുന്നു. മഴ ഭീഷണിയില്ലെങ്കിലും മഴയെ നേരിടാനുള്ള സജ്ജീകരണവും റെഡി.
7-ാം തീയതി വൈകിട്ട് 5.45 ന് ഹൈദരാബാദിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിലാണ് ടീമുകൾ എത്തുന്നത്. ആറിന് ഹൈദരാബാദിലാണ് പരമ്പരയിലെ ആദ്യ മത്സരം. കാര്യവട്ടത്ത് ഇരു ടീമുകൾക്കും പ്രാക്ടീസ് സെഷൻ ഉണ്ടാവില്ല. കോവളത്ത് ലീലാ ഹോട്ടലിലാണ് ടീമുകൾക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
81
ശതമാനം ടിക്കറ്റുകളാണ് ഇതുവരെ വിറ്റു തീർന്നത്. 32000 ടിക്കറ്റുകളാണ് ആകെ വില്പനയ്ക്കുള്ളത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് വഴിയും പേ ടി എം ആപ്പ്, പേ ടി എം ഇൻ സൈഡർ, പേ ടി എം വെബ് സൈറ്റ് എന്നിവ വഴിയും ടിക്കറ്റുകൾ ഓൺ ലൈനായി ബുക്ക് ചെയ്യാം., 1000, 2000, 3000, 5000 എന്നിങ്ങനെയാണ് ടിക്കറ്റു നിരക്ക്. ഒരാൾക്ക് ഒരു ഇ മെയിൽ ഐഡിയിൽ നിന്നും ഒരു മൊബൈൽ നമ്പരിൽ നിന്നും ആറ് ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം. 1000 രൂപയുടെ ടിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് 500 രൂപയ്ക്ക് ലഭിക്കും.
6
-ാം തീയതി ഹൈദരാബാദിൽ നടക്കുന്ന മത്സരത്തോടെ പരമ്പരയ്ക്ക് തുടക്കമാകും. ഈ പരമ്പരയ്ക്കുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസണും അംഗമാണ്. ആദ്യം സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നുവെങ്കിലും ശിഖർ ധവാന് പരിക്കേറ്റതോടെ പകരക്കാരനാക്കി. ബംഗ്ളാദേശിനെതിരായ പരമ്പരയിൽ സഞ്ജു ഉണ്ടായിരുന്നുവെങ്കിലും പ്ളേയിംഗ് ഇലവനിൽ അവസരം നൽകിയിരുന്നില്ല. വിൻഡീസിനെതിരായ പരമ്പരയിൽ സഞ്ജുവിന് അവസരം ലഭിക്കും എന്നു തന്നെയാണ് ആരാധക പ്രതീക്ഷ. സഞ്ജുവിന്റെ സാന്നിദ്ധ്യമാണ് ടിക്കറ്റ് വില്പന ഉയർത്തുന്നത്.