suresh-gopi

തിരുവനന്തപുരം : ആഡംബര കാറുകളുടെ നികുതി വെട്ടിപ്പ് കേസിൽ സുരേഷ് ഗോപി എം.പിക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ തച്ചങ്കരി അനുമതി നൽകി. രണ്ടു ദിവസത്തിനുള്ളിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിക്കും.

രണ്ട് ഓഡി കാറുകൾ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വ്യാജരേഖ ചമയ്ക്കൽ, മോട്ടോർ വാഹന നിയമലംഘനം, സർക്കാരിന് നഷ്ടമുണ്ടാക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പരമാവധി ഏഴ് വർഷംവരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ. ,കേസിൽ തനിക്ക് അനുകൂലമായി മൊഴി നൽകുന്നതിന് വ്യാജ രേഖയ്ക്കായി ഉപയോഗിച്ച വിലാസത്തിലുള്ള പുതുച്ചേരിയിലെ ഫ്ളാറ്റിന്റെ ഉടമയെ സുരേഷ് ഗോപി സ്വാധീനിച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. കേരളത്തിൽ നികുതി വെട്ടിക്കാൻ സുരേഷ് ഗോപി പുതുച്ചേരിയിൽ താമസിച്ചെന്ന് വ്യാജരേഖ ചമച്ചുവെന്നായിരുന്നു കേസ്. ഇതിൽ ക്രൈംബ്രാഞ്ച് കേസെടുക്കുകയും സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. രണ്ട് കാറുകളിലുമായി 25 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് നടന്നത്. രണ്ട് വർഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം തയ്യാറാക്കിയത്.