പാറശാല: എസ്.എഫ്.ഐയുടെ ആക്രമണത്തിനിരയായ കെ.എസ്.യു പ്രവർത്തകരെ വി.എം.സുധീരൻ സന്ദർശിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ ഹോസ്റ്റലിനുള്ളിൽ വച്ച് എസ്.എഫ്.ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനത്തിനിരയായ പി.ജി.വിദ്യാർത്ഥി ചെങ്കൽ കോടങ്കര സ്വദേശി നിതിൻരാജിനെയും, ധനുവച്ചപുരം ഗവ.ഐ.ടി.ഐയിൽ വച്ച് എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച് അവശനാക്കുകയും റാഗിംഗിന് വിധേയനാക്കുകയും ചെയ്ത ചെങ്കൽ വട്ടവിള സ്വദേശി ഷാനിനെയുമാണ് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ അവരുടെ വീടുകളിലെത്തി കണ്ടത്. ആക്രമണത്തിനിടെ നിതിൻരാജിന്റെ പുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും, ഗിറ്റാറും ഉൾപ്പെടെയുള്ളവ നശിപ്പിച്ചിരുന്നു. പുസ്തകങ്ങളും മറ്റും വാങ്ങുന്നതിനായി വി.എം.സുധീരൻ 20,000 രൂപ നിതിന് നല്കി. കോൺഗ്രസ് പ്രവർത്തകരായ അഡ്വ. മര്യാപുരം ശ്രീകുമാർ, അഡ്വ.വി.എസ്. ഹരീന്ദ്രനാഥ്, അഡ്വ.എൻ.പി.രഞ്ജിത്ത്റാവു, എസ്. ഉഷാകുമാരി, വൈ.ആർ.വിൻസെന്റ് എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.