തിരുവനന്തപുരം : നഗരസഭയുടെ പുതിയ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. വരണാധികാരിയായ കളക്ടറുടെ അദ്ധ്യക്ഷതയിൽ രാവിലെ 10.30നാണ് തിരഞ്ഞെടുപ്പ്. ചെയർമാനായി ഇടത് സ്ഥാനാർത്ഥി ഐ.പി. ബിനു തിരഞ്ഞെടുക്കപ്പെടും. ബിനുവിന്റെ സ്ഥാനാർത്ഥിത്വത്തിന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം അംഗീകാരം നൽകി. ബി.ജെ.പി പ്രതിനിധിയായി ഫോർട്ട് വാർഡ് കൗൺസിലർ ആർ. സുരേഷ് മത്സരിക്കും. എന്നാൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് യു.ഡി.എഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ യു.ഡി.എഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കും. ബി.ജെ.പി സ്ഥാനാർത്ഥിക്ക് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചാൽ മാത്രമേ ഇടത് സ്ഥാനാർത്ഥി പരാജയപ്പെടൂ. എന്നാൽ നിലവിലെ നഗരസഭയിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് യു.ഡി.എഫ്, ബി.ജെ.പി സഖ്യം ഉണ്ടാകാൻ സാദ്ധ്യതയില്ല. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന കെ. ശ്രീകുമാർ മേയറായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 11അംഗങ്ങളാണ് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായുള്ളത്. ഇതിൽ 5പേർ സി.പി.എം പ്രതിനിധികളാണ്. ബി.ജെ.പിക്കും യു.ഡി.എഫിനും 3വീതം അംഗങ്ങളാണുള്ളത്. ഇവരാണ് പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്.