# പി.യു. ചിത്രയ്ക്ക് വെങ്കലം
കാഠ്മണ്ഡു : നേപ്പാളിൽ നടക്കുന്ന സൗത്ത് ഏഷ്യൻ ഗെയിംസിലെ അത്‌ലറ്റിക്സിൽ മലയാളി മെഡൽ തിളക്കം. ഇന്നലെ നടന്ന വനിതകളുടെ ഹൈജമ്പിൽ മലയാളിയായ എം. ജിഷ്ണ സ്വർണം നേടിയപ്പോൾ 1500 മീറ്ററിൽ പി.യു. ചിത്ര വെങ്കലം സ്വന്തമാക്കി.
പാലക്കാട് കല്ലടി സ്കൂളിലൂടെ കായിക രംഗത്തേക്ക് കടന്നുവന്ന് സ്കൂൾ തലത്തിലും ജൂനിയർ തലത്തിലും നിരവധി മെഡലുൾ വാരിക്കൂട്ടിയ ജിഷ്ണ ഇന്നലെ 1.73 മീറ്റർ ക്ളിയർ ചെയ്തതാണ് സ്വർണം നേടിയത്. കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ ചാമ്പ്യൻ ഷിപ്പിൽ ഇതേ ഉയരം ചാടിക്കടന്ന് റെക്കാഡ് സൃഷ്ടിച്ചിരുന്നു.
1.69 മീറ്റർ ചാടിയ ശ്രീലങ്കയുടെ ഭുലാൻ ജി കുമാരി വെള്ളിയും ഇതേ ഉയരം ക്ളിയർ ചെയ്ത ഇന്ത്യയുടെ റുബിഹ യാദവ് വെങ്കലവും നേടി.
1500 മീറ്ററിലെ ഏഷ്യൻ ചാമ്പ്യനായ പി.യു. ചിത്രയെ അപ്രതീക്ഷിതമായി അട്ടിമറിച്ച് ശ്രീലങ്കയുടെ ഉദയാണ് സ്വർണം നേടിയത്. ഇന്ത്യൻ താരം ചന്ദയ്ക്കാണ് വെള്ളി. 4 മിനിട്ട് 35.46 സെക്കൻഡിലാണ് ചിത്ര ഫിനിഷ് ചെയ്തത്.
പുരുഷ ഹൈജമ്പിൽ സ്വർണവും വെള്ളിയും ഇന്ത്യയ്ക്കാണ്. സർവേഷ് അനിൽ 2.21 മീറ്റർ ചാടി സ്വർണവും ചേതൻ ബാല സുബ്രഹ്മണ്യൻ 2.16 മീറ്റർ ചാടി വെള്ളിയും കരസ്ഥമാക്കി. വനിതകളുടെ 10000 മീറ്ററിൽ കവിതാ യാദവ് വെള്ളി നേടി. വനിതകളുടെ 100 മീറ്ററിൽ തമിഴ്നാട്ടുകാരി അർച്ചന സുശീന്ദ്രൻ 11.80 സെക്കൻഡിലോടി സ്വർണം നേടി.
10
മെഡലുകളാണ് സൗത്ത് ഏഷ്യൻ ഗെയിംസിലെ അത്‌ലറ്റിക്സിൽ നിന്ന് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്. മൂന്ന് സ്വർണമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇരട്ട വോളി
ഗെയിംസിലെ പുരുഷ - വനിതാ വോളിബാൾ കിരീടങ്ങൾ ഇന്ത്യയ്ക്കാണ്. പുരുഷ വിഭാഗം ഫൈനലിൽ പാകിസ്ഥാനെയാണ് തോൽപ്പിച്ചത്. സ്കോർ 20-25, 25-15, 25-17, 29-27. വനിതാ വിഭാഗം ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ആതിഥേയരായ നേപ്പാളിനെ 25-17, 23-25, 21-25, 25-20, 15-6 ന് തോൽപ്പിച്ചു.
വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംഗിൽ മൂന്ന് മെഡലുകളും ഇന്ത്യ സ്വന്തമാക്കി. മെഹുലി ഘോഷ് സ്വർണവും ഷിയാങ്ക സന്ദാഗി വെള്ളിയും ശ്രേയ അഗർവാൾ വെങ്കലവും നേടി.
ഗെയിംസ് മൂന്ന് ദിവസം പിന്നിടുമ്പോൾ 15 സ്വർണവും 16 വെള്ളിയും 9 വെങ്കലവും ഉൾപ്പെടെ 40 മെഡലുകളുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 23 സ്വർണം ഉൾപ്പെടെ 44 മെഡലുകൾ നേടിയ നേപ്പാളാണ് ഒന്നാമത്.