മിലാൻ : ലയണൽ മെസി പാരീസിൽ ബാലൺ ഡി ഓർ പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ ചിരവൈരി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലഭിച്ചു ഒരു പുരസ്കാരം. ഇറ്റാലിയൻ സെരി എയിലെ പ്ളേയർ ഒഫ് ദ ഇയർ പുരസ്കാരമാണ് ക്രിസ്റ്റ്യാനോ ഏറ്റുവാങ്ങിയത്. ബാലൺ ഡി ഓർ ചടങ്ങിന് പോകാതെ ഈ പുരസ്കാരം ഏറ്റുവാങ്ങാനെത്തുകയായിരുന്നു ക്രിസ്റ്റ്യാനോ. 34 കാരനായ ക്രിസ്റ്റ്യാനോ ഇറ്റാലിയൻ ക്ളബ് യുവന്റ്സിനുവേണ്ടി ഈ വർഷം ഇതുവരെ 21 സെരി എ മത്സരങ്ങളിൽ നിന്ന് 28 ഗോളുകൾ നേടിക്കഴിഞ്ഞു.
ബുംറ പരിശീലനം തുടങ്ങി
ന്യൂഡൽഹി : നടുവേദനയെത്തുടർന്ന് സെപ്തംബർ മുതൽ കളിക്കളത്തിൽ നിന്ന് വിട്ടു നിൽക്കുന്ന ഇന്ത്യൻ പേസർ ജസ് പ്രീത് ബുംറ പരിശീലനം പുനരാരംഭിച്ചു. ഐ.പി.എൽ ഫ്രാഞ്ചൈസി രജ്‌നികാന്ത് ശിവഞ്ജാനത്തിന് കീഴിലാണ് പരിശീലനം. ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ളാദേശിനുമെതിരായ പരമ്പരകളിൽ നിന്ന് വിട്ടു നിന്ന ബുംറ വിൻഡീസിനെതിരെയും കളിക്കുന്നില്ല. അടുത്ത വർഷം ന്യൂസിലൻഡ് പര്യടനത്തിലാകും തിരിച്ചുവരവ്.
കിവീസ് ടീമിന് പുരസ്കാരം
മെൽബൺ : ലോകകപ്പ് ഫൈനലിൽ സൂപ്പർ ഓവറിലും തുല്യത പാലിച്ചതിനെത്തുടർന്ന് കിരീടം നഷ്ടമായ ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിന് ഈ വർഷത്തെ മെർലി ബോൺ ക്രിക്കറ്റ് ക്ളബിന്റെ സ്പിരിറ്റ് ഒഫ് ക്രിക്കറ്റ് അവാർഡ്. ഇന്നലെ എം.സി.സി പ്രസിഡന്റ് കുമാർ സംഗക്കാരയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
സമനില പിടിച്ച് കിവീസ്
വില്യംസണിനും ടെയ്‌ലർക്കും സെഞ്ച്വറി
ഹാമിൽട്ടൺ : രണ്ടാം ഇന്നിംഗ്സിൽ നായകൻ കേൽവില്യംസണും (104), മദ്ധ്യനിര ബാറ്റ്‌സ്‌മാൻ റോസ് ടെയ്‌ലറും (105 നോട്ടൗട്ട്) സെഞ്ച്വറികളുമായി മിന്നിത്തിളങ്ങിയപ്പോൾ ഇംഗ്ളണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡ് സമനില പിടിച്ചെടുത്തു. ഇതോടെ 1-0 ത്തിന് കിവീസ് പരമ്പരയും സ്വന്തമാക്കി.
ഹാമിൽട്ടണിൽ ടോം ലതാമിന്റെ സെഞ്ച്വറി മികവിൽ കിവീസ് 375 ന് ഒന്നാം ഇന്നിംഗ്സിൽ ആൾ ഔട്ടായിരുന്നു. ഇതിന് മറുപടിയായി ജോറൂട്ടിന്റെ (226) ഇരു സെഞ്ച്വറിയുടെയും റോയ് ബേൺസിന്റെ സെഞ്ച്വറിയുടെയും (101) അകമ്പടിയോടെ ഇംഗ്ളണ്ട് 476 റൺസ് കുറിച്ചു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ന്യൂസിലൻഡ് അഞ്ചാം ദിവസം അവസാനിപ്പിക്കുമ്പോൾ 241/2 എന്ന നിലയിലായിരുന്നു.
ജോറൂട്ടാണ് മാൻ ഒഫ് ദ മാച്ച്. നീൽ വാഗ്‌നർ മാൻ ഒഫ് ദ സിരീസായി.
സ്റ്റാർക്ക് ഐ.പി.എല്ലിനില്ല
മുംബയ് : ഈ മാസം 19 ന് നടക്കുന്ന ഐ.പി.എൽ താരലേലത്തിൽ ആസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് ഉണ്ടാവില്ല. ഇംഗ്ളണ്ട് താരം ജോറൂട്ടും ലേലത്തിനില്ല. അതേ സമയം ആസ്ട്രേലിയൻ താരങ്ങളായ ഗ്ളെൻ മാക്സ്‌വെല്ലും ക്രിസ്‌വെല്ലും ലേലത്തിലുണ്ട്. രണ്ട് കോടി രൂപയാണ് അടിസ്ഥാനവില. കഴിഞ്ഞ സീസണിലും സ്റ്റാർക്ക് ഐ.പി.എല്ലിൽ നിന്ന് വിട്ടു നിന്നിരുന്നു.
വിരമിക്കാനൊരുങ്ങി പെയ്സ്
ന്യൂഡൽഹി : ഡേവിസ് കപ്പിൽ ഏറ്റവും കൂടുതൽ വിജയികൾ നേടിയ റെക്കാഡിന് ഉടമയായ ഇന്ത്യൻ ടെന്നിസ് താരം ലിയാൻഡർ പെയ്സ് കരിയർ അവസാനിപ്പിക്കുന്നതിന്റെ സൂചനകൾ നൽകി. 44 കാരനായ പെയ്സ് അടുത്തകൊല്ലത്തിനുശേഷം വിരമിക്കുമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരായ ഡേവിസ് കപ്പ് മത്സരത്തിലും പെയ്സ് കളിച്ചിരുന്നു.