ശബരിമല: ഭണ്ഡാരത്തിൽ ജോലി നോക്കുന്ന ദേവസ്വം ജീവനക്കാരുടെ രഹസ്യ ഭാഗങ്ങൾ പ്രാകൃതമായ രീതിയിൽ പരിശോധിക്കുന്നതായി പരാതി. അനാവശ്യ പരിശോധന അതിരുകടന്നതോടെ ചോദ്യം ചെയ്ത ജീവനക്കാരനെ ഇന്നലെ സൂപ്പർവൈസർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ട്. പരിശോധനയ്ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഇടപെടണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഭണ്ഡാരത്തിലെ അനാവശ്യ ദേഹപരിശോധന ഒഴിവാക്കാൻ സ്കാനർ ഉൾപ്പെടെയുള്ള സംവിധാനം ഏർപ്പെടുത്തണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.
കോടികൾ ചെലവഴിച്ച് പുതിയ ഭണ്ഡാരം നിർമ്മിച്ചെങ്കിലും പരിശോധനാ സംവിധാനത്തിനുള്ള ഉപകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. വഴിയരികിൽ നിറുത്തി പരസ്യമായാണ് പുതിയ ഭണ്ഡാരത്തിലേക്ക് പോകുന്ന ജീവനക്കാരെ ദേഹപരിശോധന നടത്തുന്നത്. ഉടുമുണ്ട് അഴിച്ചുള്ള പരിശോധന നടത്തുന്നതാകട്ടെ ഷട്ടറുകൾ തുറന്നിട്ടാണ്. ഈ പരസ്യപരിശോധന പുറത്തുകൂടി പോകുന്ന ഭക്തരും കാണുന്നുണ്ട്.
അതേസമയം ഭണ്ഡാരത്തിലെ മറ്റ് ഷട്ടറുകൾ എല്ലാം അടച്ചിട്ടിരിക്കുകയുമാണ്. കഴിഞ്ഞ ദിവസം ഭണ്ഡാരത്തിൽ പണം എത്തിക്കുന്ന ചാക്ക് അടുത്ത ദിവസത്തെ കാണിക്ക പൊട്ടിച്ച പണം ശേഖരിക്കാനായി പുറത്തേക്ക് കൊണ്ടു പോയപ്പോൾ പരിശോധനയ്ക്കിടെ ചാക്കിനുള്ളിൽ നിന്ന് അഞ്ചുരൂപ നോട്ട് പരിശോധനാ മുറിയോട് ചേർന്ന മൂത്രപ്പുരയ്ക്ക് സമീപത്തേക്ക് പറന്നു വീണു. ഇതോടെ പൊലീസും സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് ജീവനക്കാരെ മനഃപൂർവം ഉപദ്രവിക്കാൻ തുടങ്ങി. എന്നാൽ ഈ സമയം ഭണ്ഡാരത്തിലുണ്ടായിരുന്ന എക്സി. ഓഫീസറും സ്പെഷ്യൽ ഓഫീസറും വിഷയത്തിൽ ഇടപെട്ടില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു.