1989 ഒക്ടോബർ 12.. ബ്രസീലിലെ പോർട്ടോ അലെഗ്രി എയർപോർട്ടിന് മുകളിൽ ഒരു വിമാനം വട്ടമിട്ട് പറക്കുന്നതായി എയർ ട്രാഫിക് കൺട്രോളർമാരുടെ ശ്രദ്ധയിൽപ്പെട്ടു. വിമാനം വിജയകരമായി റൺവേയിൽ ലാൻഡ് ചെയ്യുകയും ചെയ്തു. എയർപോർട്ടിൽ ലാൻഡ് ചെയ്തിരിക്കുന്ന അജ്ഞാത വിമാനം ഏതാണെന്നറിയാനെത്തിയ എയർപോർട്ട് ജീവനക്കാർ ഞെട്ടി. 1956ൽ പ്രവർത്തനം നിലച്ച സാന്റിയാഗോ എയർലൈൻസിന്റെ ഒരു വിമാനമായിരുന്നു അത്. വിമാനത്തിന്റെ വാതിൽ തുറന്ന ജീവനക്കാർ പേടിച്ചു വിറച്ചു. 88 യാത്രക്കാരുടെയും 4 ജീവനക്കാരുടെയും ഉൾപ്പെടെ 92 പേരുടെ അസ്ഥികൂടങ്ങൾ അതത് സീറ്റുകളിൽ ഇരിക്കുന്നു..! പൈലറ്റ് വിമാനത്തിന്റെ കൺട്രോളിൽ കൈ വച്ച് സീറ്റ് ബെൽറ്റോടു കൂടി ഇരിപ്പിടത്തിൽ തന്നെയുണ്ട്. എന്നാൽ അയാളും അസ്ഥികൂടമായിരുന്നു. ! അന്വേഷണത്തിനൊടുവിൽ എയർപോർട്ട് അധികൃതർ ആ വിമാനം ഏതാണെന്ന് കണ്ടെത്തി. 35 വർഷങ്ങൾക്ക് മുമ്പ് കാണാതായ സാന്റിയാഗോ എയർലൈൻസിന്റെ ഫ്ലൈറ്റ് 513 ആയിരുന്നു അത്.
1954 സെപ്‌റ്റംബർ 4ന്, ജർമനിയിലെ ആഹനിൽ നിന്നും ബ്രസീലിലെ പോർട്ടോ അലെഗ്രിയിലേക്കാണ് സാന്റിയാഗോ ഫ്ലൈറ്റ് 513 പറന്നുയർന്നത്. 18 മണിക്കൂർ കൊണ്ട് വിമാനത്തിന് ലക്ഷ്യസ്ഥാനത്ത് ലാൻഡ് ചെയ്യാമായിരുന്നു. പക്ഷേ, അറ്റ്‌ലാൻഡിക് സമുദ്രത്തിന് മുകളിൽ വച്ച് വിമാനം അപ്രത്യക്ഷമായി. വിമാനം കടലിൽ തകർന്നു വീണിരിക്കാമെന്നും യാത്രക്കാർ എല്ലാവരും മരിച്ചിരിക്കാമെന്നും ഒടുവിൽ അനുമാനിച്ചു. എന്നാൽ 35 വർഷങ്ങൾക്ക് ശേഷം വിമാനം പോർട്ടോ അലെഗ്രിയിൽ തന്നെ ലാൻഡ് ചെയ്‌തു. അതും എല്ലാവരും അസ്ഥികൂടത്തിന്റെ രൂപത്തിലും.
ഈ വിചിത്ര സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ബ്രസീലിയൻ ഭരണകൂടം ഉത്തരവിട്ടു. എന്നാൽ അന്വേഷണത്തെ പറ്റിയുള്ള വിവരങ്ങളൊന്നും അധികൃതർ പിന്നീട് വെളിപ്പെടുത്തിയിട്ടില്ല. 1989 നവംബർ 14ന് ദ വീക്ക്‌ലി വേൾഡ് ന്യൂസ് എന്ന ടാബ്‌ലോയിഡ് ആണ് ഈ വിചിത്ര വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.