ചെന്നൈ: ഇലക്‌ഷൻ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ തമിഴ്‌നാട്ടിൽ 2021ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ പ്രചാരണ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കും. പ്രശാന്ത് കിഷോർ നേതൃത്വം നൽകുന്ന ഇന്ത്യൻ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റിയുമായി (ഐ.പി.എ.സി) ഡി.എം.കെ ഇതുസംബന്ധിച്ച കരാറിൽ ഒപ്പിട്ടു. എന്നാൽ ഔദ്യോഗികമായി വിവരം പുറത്തുവിട്ടിട്ടില്ല. ബി.ജെ.പിയുടെ ഘടകകക്ഷിയായ ഐക്യ ജനതാദളിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് പ്രശാന്ത് കിഷോർ. ഹൈദരാബാദ് കേന്ദ്രമായാണ് ഐ.പി.എ.സി പ്രവർത്തിക്കുന്നത്. 2019-ൽ ആന്ധ്രയിൽ വൻ വിജയം നേടിയ ജഗൻ മോഹൻ റെഡ്ഡിയുടെ ഇലക്‌ഷൻ തന്ത്രങ്ങൾ ആവിഷ്കരിച്ചത് ഈ കമ്പനിയാണ്. പഞ്ചാബിൽ അമിരീന്ദർ സിംഗിന്റെയും ബീഹാറിൽ നിതീഷ് കുമാറിന്റെയും പ്രചാരണ തന്ത്രങ്ങൾ രൂപപ്പെടുത്തിയതും പ്രശാന്ത് കിഷോറായിരുന്നു. 2014-ൽ ബി.ജെ.പിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പിന്നിൽ പ്രവർത്തിച്ചതോടെയാണ് പ്രശാന്ത് കിഷോർ പ്രശസ്തിയിലേക്ക് ഉയർന്നത്.