തിരുവനന്തപുരം: ഫോൺവഴി വൻകിട ബിസിനസുകാരെ വശീകരിച്ച് ചതിയിൽപ്പെടുത്തി ലക്ഷങ്ങൾ വെട്ടിച്ച കടയ്ക്കൽ മടത്തറ കാരറ തായാട്ട് വീട്ടിൽ അഖിൽ (31) പിടിയിലായതോടെ കൊല്ലം- തിരുവനന്തപുരം ജില്ലകൾ കേന്ദ്രീകരിച്ച് നടന്ന നിരവധി തട്ടിപ്പുകൾക്ക് തുമ്പായി. സിമന്റ് വ്യാപാരിയായ കാരാളിക്കോണം സ്വദേശിയെ കബളിപ്പിച്ച് ഒരു ലോഡ് സിമന്റ് തട്ടിയെടുത്ത് മറിച്ചുവിറ്റ കേസിൽ കടയ്ക്കൽ പൊലീസാണ് കഴിഞ്ഞദിവസം അഖിലിനെ പിടികൂടിയത്. പഠനം മതിയാക്കി തൊഴിലില്ലാതെ കറങ്ങി നടക്കുകയായിരുന്ന അഖിൽ ആഡംബര ജീവിതത്തിനാണ് തട്ടിപ്പിന്റെ വഴി തെരഞ്ഞെടുത്തത്.
സിമന്റ് വ്യാപാരി കുടുങ്ങിയത് ഫോൺ കോളിൽ
കടയ്ക്കലിന് സമീപം കോട്ടപ്പുറത്ത് നിർമ്മാണസൈറ്റിലേക്ക് ഒരു ലോഡ് സിമന്റ് (200 പായ്ക്കറ്റ്) ഉടൻ എത്തിക്കണമെന്ന അഖിലിന്റെ ഫോൺകോളിലാണ് കാരാളിക്കോണം സ്വദേശിയായ സിമന്റ് വ്യാപാരി കുടുങ്ങിയത്. കെട്ടിട നിർമ്മാണ കരാറുകാരനായ താൻ കമ്പനിയിൽ ഒാർഡർ ചെയ്തിരുന്ന ലോഡ് എത്താൻ സാങ്കേതികതടസമുണ്ടായെന്നും പണി മുടങ്ങാതിരിക്കാൻ ഉടൻ സിമന്റ് കയറ്റിവിടണമെന്നുമായിരുന്നു അഖിൽ വ്യാപാരിയോട് ആവശ്യപ്പെട്ടത്. പണം വണ്ടിയിൽ കൊടുത്തുവിടാമെന്ന ഉറപ്പിൽ വ്യാപാരി നാഷണൽ പെർമിറ്റ് ലോറിയിൽ ഒരു ലോഡ് സിമന്റ് അഖിൽ ആവശ്യപ്പെട്ട സ്ഥലത്തെത്തിച്ചു. കോട്ടപ്പുറത്തെ പണി സൈറ്റും അഖിലുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ചെറിയ ലോറികളിൽ പല സൈറ്റുകളിലെത്തിക്കാനായി തനിക്ക് ഒരു ലോഡ് സിമന്റ് വരുന്നുണ്ടെന്നും അത് തൽക്കാലത്തേക്ക് ഇവിടെ ഇറക്കിവയ്ക്കാൻ അനുവദിക്കണമെന്നും ലോഡെത്തുംമുമ്പേ അഖിൽ കെട്ടിട ഉടമയോട് അഭ്യർത്ഥിച്ചു. അഖിലിന്റെ പെരുമാറ്റത്തിൽ സംശയമൊന്നും തോന്നാതിരുന്ന കെട്ടിട ഉടമ അനുമതി നൽകി. പ്രദേശത്തെ ലോഡിംഗ് തൊഴിലാളികളുടെ സഹായത്തോടെ ലോഡിറക്കി. സിമന്റ് ഇറക്കിയശേഷം പണം ചെക്കായി നൽകാൻ ശ്രമിച്ചെങ്കിലും രൊക്കം പണം വേണമെന്ന് കട ഉടമ ശഠിച്ചു. പണം നൽകാമെന്ന വ്യാജേന ലോറി ഡ്രൈവറെ തന്റെ കാറിൽ ആയൂരിലെ ഒരു ബാങ്കിന് സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി.ലോറി ഡ്രൈവറെ പുറത്ത് നിറുത്തിയശേഷം ബാങ്കിനുള്ളിലേക്ക് പോയ അഖിൽ ഒന്നര മണിക്കൂർ കഴിഞ്ഞ് അവിടെ പണമില്ലെന്നും കല്ലറയിലെ മറ്റൊരു ബാങ്കിലേക്ക് പോകണമെന്നും നിർദ്ദേശിച്ചു. കല്ലറയിലെ ബാങ്കിലും ഏറെ സമയം ചെലവഴിച്ചശേഷം അവിടെയും പണമില്ലെന്ന് പറഞ്ഞ് ലോറി ഡ്രൈവറുമായി കടയ്ക്കലേക്ക് തിരിച്ച അഖിൽ വഴിയിൽ ഒരു ജംഗ്ഷനിൽ വണ്ടി നിർത്തി. ലോറി ഡ്രൈവറുടെ പക്കൽ 500 രൂപ നോട്ട് നൽകിയശേഷം സമീപത്തെ കടയിൽ കൊടുത്തേക്കാൻ ആവശ്യപ്പെട്ടു. ലോറി ഡ്രൈവർ പണം കടയിൽ നൽകാനായി തിരിഞ്ഞപ്പോഴേക്കും അഖിൽ കാറുമായി സ്ഥലം കാലിയാക്കി. കാറിന്റെ നമ്പർ ശ്രദ്ധിച്ച ഡ്രൈവർ വിവരം സിമന്റ് വ്യാപാരിയെ അറിയിച്ചു. അതുവഴി വന്ന മറ്രൊരുവാഹനത്തിൽ കോട്ടപ്പുറത്ത് സിമന്റ് ഇറക്കിവച്ച സൈറ്റിൽ ലോറി ഡൈവർ തിരിച്ചെത്തിയെങ്കിലും അപ്പോഴേക്കും മറ്റൊരു ലോറിയിൽ സിമന്റ് കടത്തിക്കൊണ്ടുപോയിരുന്നു.സിമന്റ് വ്യാപാരി വണ്ടി നമ്പർ സഹിതം കടയ്ക്കൽ പൊലീസിൽ നൽകിയ പരാതിയിൽ സി.ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് അഖിൽ പിടിയിലായത്.
കോട്ടപ്പുറത്ത് നിന്ന് കടത്തിയ സിമന്റ് പാങ്ങോട്ട് ഒരു സിമന്റ് കടയിൽ ഇറക്കിയതായും സിമന്റ് വിതരണക്കാരനെന്ന വ്യാജേന വിലയായി 75,000 രൂപ അവിടെ നിന്ന് കൈപ്പറ്റിയതായും കണ്ടെത്തി. പാങ്ങോട് കടയിൽ സൂക്ഷിച്ചിരുന്ന സിമന്റും അഖിലിന്റെ പക്കലുണ്ടായിരുന്ന പണവും തട്ടിപ്പിനുപയോഗിച്ച കാറും ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു.മൂന്നുമാസം മുമ്പ് പാലോട് സിമന്റ് വ്യാപാരിയെയും അഖിൽ ഇതേ വിധത്തിൽ തട്ടിപ്പിനിരയാക്കിയെങ്കിലും പിടിക്കപ്പെട്ടപ്പോൾ പണം നൽകി പ്രശ്നം തീർപ്പാക്കുകയും ചെയ്തിരുന്നു. അതിനുശേഷം വീണ്ടും നടത്തിയ തട്ടിപ്പിലാണ് അഖിൽ പൊലീസിന്റെ വലയിലായത്.
കോഴിഫാമുകാരും
തീറ്റകച്ചവടക്കാരും കുടുങ്ങി
സിമന്റ് വ്യാപാരികളെ മാത്രമല്ല കാറ്ററിംഗ് സ്ഥാപന ഉടമയെന്ന വ്യാജേന ഇറച്ചിക്കോഴി ഫാമുകാരെയും പൗൾട്രിഫാം ഉടമയുടെ വേഷത്തിൽ കോഴിത്തീറ്റ കച്ചവടക്കാരെയും അഖിൽ തട്ടിപ്പിനിരയാക്കി. തിരുവനന്തപുരം റൂറൽ പൊലീസ് ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് ബിസിനസുകാരെ അഖിൽ കോഴിക്കെണിയിൽ കുടുക്കിയത്. കാറ്ററിംഗ് കമ്പനി ഉടമയെന്ന പേരിൽ അടുത്തദിവസത്തെ വർക്കിനായി 200 കിലോ കോഴിയിറച്ചി വേണമെന്ന പേരിലാണ് പൗൾട്രിഫാമുകാരെ സമീപിക്കുക. ഇൗ സമയം കാറ്ററിംഗ് വർക്കിനെപ്പറ്റി വാചലനാകുന്ന അഖിലിന്റെ സംസാരത്തിലോ പെരുമാറ്റത്തിലോ യാതൊരു സംശയവും തോന്നില്ല. അടുത്തദിവസമെത്തി പണം വൈകുന്നേരമെത്തിക്കാമെന്ന വ്യവസ്ഥയിൽ തയ്യാറാക്കിവച്ചിരിക്കുന്ന ഇറച്ചിയുമായി സ്ഥലം വിടും. പിന്നീട് ഫോൺ വിളിച്ചാൽ എടുക്കാതെ സിം മാറ്റുന്നതാണ് ഇയാളുടെ രീതി. പൗൾട്രിഫാമുടമയെന്ന വ്യാജേന കാറ്ററിംഗ് സർവ്വീസ് സ്ഥാപനങ്ങളിൽ നിന്ന് ഓർഡറെടുത്ത് തട്ടിച്ചെടുത്ത ഇറച്ചിവിറ്റ് കാശാക്കുകയും ചെയ്യും. ഫാമുടമയായി വേഷം കെട്ടി കോഴിത്തീറ്റ വിൽപ്പനക്കാരെയും കോഴിത്തീറ്റ വിൽപ്പനക്കാരനായി പൗൾട്രിഫാമുകാരെയുമെല്ലാം അഖിൽ കുപ്പിയിലാക്കിയിട്ടുണ്ട്.
കൂടുതൽ പരാതികൾ
അഖിൽ പിടിക്കപ്പെട്ട വിവരമറിഞ്ഞ് കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിപേർ അഖിലിനെതിരെ പരാതിയുമായി രംഗത്തെത്തി. തട്ടിപ്പിനിരയായ പലരോടും വ്യാജ പേരുകളും സ്ഥലവുമാണ് പറഞ്ഞിരുന്നത്. വെഞ്ഞാറമൂട്, പോത്തൻകോട്, കടയ്ക്കൽ , ചടയമംഗലം എന്നിവിടങ്ങളിലാണ് പുതിയ പരാതികൾ ലഭിച്ചത്. അഖിലിനെ വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.