snake

ലക്നൗ:വേദനിപ്പിച്ചാൽ പാമ്പുകൾ പ്രതികാരം ചെയ്യുമെന്നാണ് പലരും വിശ്വസിക്കുന്നത്. അതിന് നിരവധി ഉദാഹരണങ്ങളും അവർ നിരത്തും. എന്നാൽ ഇതിന് ശാസ്ത്രീയമായ ഒരു അടിസ്ഥാനവും ഇല്ലെന്നാണ് വിദഗ്ധർ പറയുന്നത്. പക്ഷേ, ഉത്തർപ്രദേശിലെ ജാലൺജില്ലയിൽ നിന്ന് പുറത്തുവരുന്നത് പാമ്പിന്റെ പ്രതികാരത്തിന്റെ വാർത്തയാണ്. യുവാവാണ് കോപത്തിന് ഇരയായത്.

സംഭവം ഇങ്ങനെ:ബൈക്കിൽ ഇടറോഡിലൂടെ പാഞ്ഞുപോകുന്നതിനിടെ ഒരു പാമ്പിന്റെ വാലിൽ ബൈക്ക് കയറി. യുവാവ് ഇത് കാണുകയും ചെയ്തു. എന്നാൽ ഇതൊന്നും ഗൗനിക്കാതെ യുവാവ് ബൈക്കോടിച്ചുപോയി. കുറച്ചുസമയം കഴിഞ്ഞ് പാമ്പ് ചീറ്റുന്ന ശബ്ദംകേട്ട് തിരിഞ്ഞുനോക്കിയപ്പോഴാണ് യുവാവ് ശരിക്കും ഞെട്ടിയത്. ബൈക്ക് വാലിൽ കയറിയ പാമ്പ് തന്റെ തൊട്ടുപിന്നിൽ നിൽക്കുന്നു. അപകടം നടന്ന സ്ഥലത്തുനിന്ന് രണ്ടുകിലാേമീറ്റർ പിന്നിട്ടിരുന്നു അപ്പോൾ. ഞൊടിയിടയ്ക്കുള്ളിൽ പാമ്പ് യുവാവിന്റെ കാലിൽ ചുറ്റി.

പേടിച്ചുപോയ അയാൾ പാമ്പിനെ കുടഞ്ഞെറിഞ്ഞ് ഒാടിരക്ഷപ്പെട്ടു. പക്ഷേ, വിടാൻ കൂട്ടാക്കാത്ത പാമ്പ് യുവാവിന്റെ ബൈക്കിനുമുകളിൽ കയറി പത്തിവിടർത്തിനിന്നു. ഒരുമണിക്കൂറോളം പാമ്പ് അങ്ങനെ നിന്നു. സംഭവം അറിഞ്ഞ് സ്ഥലത്ത് ആൾക്കൂട്ടമായി. പാമ്പിനെ കല്ലെറിഞ്ഞ് തുരത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ ഏറെ കഷ്ടപ്പെട്ടാണ് പാമ്പിനെ ഒാടിച്ചുവിട്ടത്.ഇനിയും പാമ്പിന്റെ ആക്രമണം ഉണ്ടാകുമോ എന്ന ഭീതിയിലാണ് യുവാവ്.