noose

133 കോടി ജനങ്ങൾ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. ആത്മീയാചാര്യൻ മുതൽ വൻകിട ബിസിനസ് സംരംഭകർ വരെ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഒരാളെ മാത്രം ഇന്നും ഇന്ത്യയിൽ കിട്ടാനില്ല. കൊടും കുറ്റവാളികളെ തൂക്കിലേറ്റാൻ ഒരു ആരാച്ചരെ! ഇപ്പോൾ നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. വധശിക്ഷ താരതമ്യേന കുറവായതിനാൽ പൊതുവേ ഇന്ത്യയിൽ ആരാച്ചാർമാരുടെ ആവശ്യം വിരളമായിരുന്നു. നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാനുള്ള കയർ ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങൾ തയാറായിട്ട് പോലും ഒരു ആരാച്ചാരെ മാത്രം ഇതുവരെ കിട്ടിയിട്ടില്ല. 2015ൽ യാക്കൂബ് മേമനെയാണ് ഇന്ത്യ അവസാനമായി തൂക്കിലേറ്റിയത്. ഇന്ത്യയിലെ പേര് കേട്ട ആരാച്ചാർമാരെല്ലാം മരിച്ചു. ചിലർ വിരമിച്ചു. അവരുടെ പിൻതലമുറക്കാരാകട്ടെ ആരാച്ചാർ ആകാൻ ആഗ്രഹിക്കുന്നതുമില്ല. അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമാണ് ഇന്ത്യയിൽ വധശിക്ഷ നൽകുന്നത്. രാജ്യത്തെ ഞെട്ടിച്ച നിർഭയ കേസിന് സമാനമായ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന ആവശ്യം ശക്തമാകുകയാണ്. 2004ലാണ് ബലാത്സംഗ കേസിൽ ഒരു പ്രതിയ്‌ക്ക് ഇന്ത്യയിൽ അവസാനമായി വധശിക്ഷ നടപ്പാക്കിയത്. കൊൽക്കത്തയിൽ 14കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ധനഞ്ജയ് ചാറ്റർജി എന്നയാൾക്കായിരുന്നു വധശിക്ഷ.

 ആ ആരാച്ചാർ ഇവിടെയുണ്ട് !

ആരാച്ചാർ എന്ന് കേൾക്കുമ്പോൾ ഒരുപക്ഷേ, ഓർമ വരിക ഉത്തർപ്രദേശിലെ മീററ്റാണ്. ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ആരാച്ചാർ കുടുംബം ഇവിടെയാണ്. ഭഗത് സിംഗിനെ തൂക്കിലേറ്റിയെന്ന് പറയപ്പെടുന്ന ആരാച്ചാർ റാം റഖയുടെ പിന്മുറക്കാരാണ് ഇവിടെയുള്ളത്. റാം റഖയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിനെ തൂക്കിലേറ്റിയതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കാലാ മാസിഹ് എന്നയാളാണ് ഭഗത് സിംഗിനെ തൂക്കിലേറ്റിയതെന്ന വാദവും നിലനില്ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കാലശേഷം ആ പാരമ്പര്യം തുടരാൻ അനന്തരവനായ കാലു കുമാർ തീരുമാനിച്ചു. മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരെ 1989ൽ തൂക്കിലേറ്റിയതോടെയാണ് കാലു ദേശീയ ശ്രദ്ധയാകർഷിച്ചത്. കാലു അന്തിച്ചതോടെ ആ പാരമ്പര്യം മകൻ മാമു സിംഗ് ഏറ്റെടുത്തു. 1981ൽ ഡൽഹിയെ ഞെട്ടിച്ച സഞ്ജയ്, ഗീത ചോപ്രാ കൊലക്കേസ് പ്രതികളായ രങ്ക, ബില്ല എന്നിവരെ തൂക്കിലേറ്റിയത് മാമുവും പിതാവ് കാലുവും ചേർന്നാണ്. 11 വധശിക്ഷകൾ മാമു നടപ്പാക്കിയിരുന്നു. മുംബയ് ഭീകരാക്രമണ കേസ് പ്രതി അജ്മൽ കസബിനെ തൂക്കിലേറ്റണമെന്ന ആഗ്രഹത്തോടെ ഇരിക്കുമ്പോഴാണ് 2011ൽ 79ാം വയസിൽ മാമു മരിക്കുന്നത്. മാമുവിന്റെ നാല് മക്കളും ഈ പാത പിന്തുടരാൻ ആഗ്രഹിച്ചിരുന്നവരല്ല. എന്നാൽ തൂക്കിക്കൊല്ലാൻ ആളില്ലെന്നായതോടെ മാമുവിന്റെ പിൻഗാമിയാകാൻ മൂത്ത മകൻ പവൻ കുമാർ തീരുമാനിച്ചു. പിതാവ് മരിച്ച് പത്ത് ദിവസങ്ങൾക്കുശേഷം ആരാച്ചാർ ആകാനുള്ള സർക്കാർ അനുമതിയ്ക്കായി പവൻ അപേക്ഷ നൽകിയിരുന്നു. തന്റെ രാജ്യത്തിന് വേണ്ടി കുറ്റവാളികളെ തൂക്കിലേറ്റുക എന്ന ദൗത്യം ഏറ്റെടുക്കാൻ തനിക്ക് മടിയില്ലെന്ന് അന്ന് തന്റെ ചെറിയ വീടിനുള്ളിലിരുന്ന് പവൻ പറഞ്ഞിരുന്നു. ആരാച്ചാർ ജോലി കൊണ്ട് കുടുംബം മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്ന് തോന്നിയതോടെ വഴി വാണിഭക്കാരനായ പവൻ തന്റെ സൈക്കിളിൽ വസ്ത്രങ്ങൾ കൊണ്ടു നടന്ന് വില്ക്കുന്ന ജോലിയും ചെയ്‌തിരുന്നു. ഇന്ന് ഇന്ത്യയിലെ ഏക ' ഔദ്യോഗിക ' ആരാച്ചാർ ആണ് പവൻ കുമാർ. നിർഭയ കേസിലെ കിറ്റവാളികളെ തൂക്കിലേറ്റാൻ താൻ തയാറാണെന്ന് പവൻ കുമാർ അടുത്തിടെ പറയുകയുണ്ടായി. ഹൈദരാബാദിൽ മൃഗഡോ‌ക്‌ട‌റെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് കോടതി വധശിക്ഷ വിധിക്കുകയാണെങ്കിൽ അവരെയും തൂക്കിലേറ്റാൻ തയാറാണെന്നും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കണമെന്നും 59കാരനായ പവൻ ചൂണ്ടിക്കാട്ടുന്നു.

പവൻ കുമാർ ഏകദേശം 20 വയസ് മുതൽ അച്ഛനും മുത്തച്ഛനുമൊപ്പം പ്രതികളെ തൂക്കിലേറ്റാൻ എത്തിയിട്ടുണ്ട്. 1988ൽ ബുലന്ദ്ശഹർ കൂട്ടബലാത്സംഗ കേസിലെ പ്രതിയെ തൂക്കിലേറ്റാൻ മുത്തച്ഛനൊപ്പം പവനും ഉണ്ടായിരുന്നു. നിർഭയ കേസിലെ പ്രതികൾ ഇപ്പോൾ തീഹാർ ജയിലിലാണ്. 2013ൽ പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനെയാണ് അവസാനമായി തീഹാർ ജയിലിൽ തൂക്കിലേറ്റിയത്. കേസിന്റെ സ്വഭാവം പരിഗണിച്ച് ആരാച്ചാറുടെ പേര് ചില അവസരങ്ങളിൽ വെളിപ്പെടുത്താറില്ല. ഇപ്പോൾ മീററ്റ് ജയിലിൽ 5,000 രൂപ മാസവേതനത്തിന് ജോലി ചെയ്യുന്ന തന്നെ, നിർഭയക്കേസിലെ പ്രതികളെ തൂക്കിലേറ്റാൻ തീഹാർ ജയിൽ അധികൃതർ വിളിക്കുമെന്ന കാത്തിരിപ്പിലാണ് ആരാച്ചാർ കുടുംബത്തിലെ നാലാം തലമുറക്കാരനായ പവൻ.