പ്രായഭേദമില്ലാതെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ രാജ്യത്തെങ്ങും തുടരുമ്പോഴും പോംവഴി കാണാനാകാതെ കുഴങ്ങുകയാണ് ഭരണകൂടങ്ങൾ. സ്ത്രീപീഡന നിയമങ്ങൾ കൂടുതൽ കർക്കശമാക്കിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ശിശുക്കളെയും പീഡിപ്പിക്കുന്നവരെ തൂക്കിലേറ്റാനുള്ള വകുപ്പും നിയമത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. എന്നാൽ അതിക്രമങ്ങൾക്ക് ഒരു കുറവുമില്ലെന്നാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ കാട്ടിത്തരുന്നത്. തെലുങ്കാനയിൽ വനിതാ മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി കൂട്ട മാനഭംഗത്തിനിരയാക്കിയശേഷം തീവച്ചു കൊന്ന സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പേ കർണാടകയിലും ആന്ധ്രയിലും ബീഹാറിലും ജാർഖണ്ഡിലുമൊക്കെ സമാനമായ ക്രൂരതകൾ അരങ്ങേറി. കർണാടകയിൽ ഭിന്നശേഷിക്കാരിയായ എട്ടു വയസുകാരിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ബീഹാറിലെ ബക്സറിലും തിങ്കളാഴ്ച സമാന സംഭവമുണ്ടായി. പീഡനത്തിനുശേഷം കുട്ടിയെ വെടിവച്ചുകൊന്നശേഷം തീയിടുകയായിരുന്നു. ചൊവ്വാഴ്ച പ്രഭാതത്തിൽ കുട്ടിയുടെ പാതി കത്തിക്കരിഞ്ഞ ജഡം കണ്ടെത്തുകയായിരുന്നു. ആന്ധ്രയിൽ അൻപതു വയസായ വിധവയാണ് ആക്രമിക്കപ്പെട്ടത്. ഈ സംഭവങ്ങളിൽ ഉൾപ്പെട്ട അക്രമികളിൽ പലരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. എന്നാൽ എത്രപേർ ശിക്ഷിക്കപ്പെടും എന്നു നോക്കുമ്പോഴാണ് നിയമവും നീതിയുമൊക്കെ പരാജയപ്പെടുന്ന സ്ഥിതി ഉണ്ടാകുന്നത്.
സ്ത്രീപീഡന കേസുകളിൽ ശിക്ഷാവകുപ്പുകൾക്ക് മൂർച്ച കൂട്ടാൻ നിമിത്തമായ ഡൽഹിയിലെ നിർഭയ കേസിലെ പ്രതികൾക്ക് നീതിപീഠങ്ങൾ തൂക്കുകയറാണു വിധിച്ചത്. ലോകത്തിനു മുമ്പിൽ ഇന്ത്യ തലകുനിക്കേണ്ടിവന്ന ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നു നിർഭയ കേസ്. കൂട്ടുകാരനൊപ്പം രാത്രി ഹോസ്റ്റലിലേക്കു മടങ്ങിയ യുവതിയെ ബസ് ജീവനക്കാരും കൂട്ടുകാരും ചേർന്ന് അതിക്രൂരമായി പീഡന മുറകൾക്ക് വിധേയയാക്കിയശേഷം ബസിൽ നിന്ന് പുറത്തേക്ക് എടുത്തെറിയുകയായിരുന്നു. മരണവുമായി മല്ലടിച്ച് ഏതാനും ദിവസം ആശുപത്രിയിൽ കിടന്ന് ഒടുവിൽ അന്ത്യശ്വാസം വലിച്ചു. നിയമ - നീതി സംവിധാനങ്ങളോടു തന്നെ ജനങ്ങൾക്ക് കടുത്ത അപ്രീതിയും പുച്ഛവും ജനിപ്പിച്ച വേദനാജനകമായ സംഭവമായിരുന്നു ഇത്. മൻമോഹൻസിംഗ് സർക്കാരിനെ പിന്നീട് നടന്ന പൊതു തിരഞ്ഞെടുപ്പിൽ പുറത്താക്കുന്നതിൽ വലിയൊരു പങ്കു വഹിച്ചതും നിർഭയ കേസാണ്. ബലാത്സംഗ കൊലകൾക്ക് വധശിക്ഷ ഉൾപ്പെടെ നിയമം പരിഷ്കരിച്ചത് ഇതിനുശേഷമാണ്. എന്നാൽ നിയമം അതീവ കർക്കശമാക്കിയിട്ടും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഒരു കുറവും വന്നിട്ടില്ലെന്നതാണ് ദുഃഖകരമായ കാര്യം. നിർഭയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികളുടെ ശിക്ഷ നടപ്പാക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ആരാച്ചാർ ഇല്ലാത്തതാണത്രെ കാരണം. പ്രതികൾ സസുഖം ജയിലിൽ ഉണ്ടുറങ്ങി കഴിയുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമാനമായ ക്രൂരതകൾ നിത്യേന നടക്കുന്നു.
തെലുങ്കാനയിൽ വനിതാ വെറ്ററിനറി ഡോക്ടർ കൂട്ട മാനഭംഗത്തിനുശേഷം തീവച്ചുകൊല്ലപ്പെട്ട സംഭവം രണ്ടു ദിവസം മുൻപ് പാർലമെന്റിൽ സ്തോഭജനകമായ ചർച്ചകൾക്കും പ്രതിഷേധ പ്രകടനങ്ങൾക്കും വഴിവച്ചിരുന്നു. ഇത്തരം സംഭവങ്ങളിൽ പൊലീസ് കാണിക്കുന്ന കുറ്റകരമായ അനാസ്ഥ ഉൾപ്പെടെയുള്ള ഭരണകൂട വീഴ്ചകൾക്കെതിരെ കക്ഷി ഭേദമില്ലാതെ എം.പിമാർ രൂക്ഷമായ ഭാഷയിൽ സംസാരിച്ചു. ബലാത്സംഗ കുറ്റത്തിന് പിടികൂടുന്നവരെ ജീവിതാന്ത്യം വരെ ജയിലിടയ്ക്കണമെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. പഴുതടച്ചുള്ള അന്വേഷണവും വിചാരണയും ഉറപ്പാക്കുന്നതിനൊപ്പം ശിക്ഷാവിധി എത്രയും വേഗം നടപ്പാക്കാൻ കൂടി കഴിഞ്ഞാലേ ശിക്ഷയെക്കുറിച്ചുള്ള ഭയം കുറ്റവാളികളിൽ ജനിപ്പിക്കാനാവൂ. ബലാത്സംഗക്കുറ്റത്തിന് വധശിക്ഷ ലഭിക്കുന്ന പ്രതിയെ അനന്തമായി ജയിലിൽ പാർപ്പിച്ച് തീറ്റകൊടുത്ത് കൊഴുപ്പിച്ചെടുക്കേണ്ടകാര്യമില്ല. നിയമ നടപടികൾ എത്രയും വേഗം പൂർത്തിയാക്കി ശിക്ഷ നടപ്പാക്കുകയാണ് വേണ്ടത്.
പൊലീസിന്റെ ഭാഗത്തു കാണുന്ന നിഷ്ക്രിയത്വമാണ് പല കേസുകളിലും ഇരകൾക്ക് നീതി ലഭിക്കാതെ പോകാൻ കാരണം. പരാതി ലഭിച്ചാലും സത്വരമായി ഇടപെടാൻ പൊലീസ് മടി കാണിക്കാറുണ്ട്. രാജ്യത്ത് എവിടെയും കാണുന്ന സ്ഥിതിവിശേഷമാണിത്. പ്രതികൾ സ്വാധീന ശക്തിയും സമ്പത്തുമുള്ളവരാണെങ്കിൽ പിന്നെ പറയുകയും വേണ്ട. തെളിവുകൾ ഇല്ലാതാക്കി കേസ് ദുർബലമാക്കാനുള്ള വഴികൾ പൊലീസ് തന്നെ ചെയ്തു കൊടുക്കും. ഭയം കൂടാതെ പകൽ നേരങ്ങളിൽ പോലും സ്ത്രീകൾക്കും പെൺകുട്ടികൾക്കും പുറത്തിറങ്ങാനാകാത്ത അവസ്ഥ രാജ്യത്തിന് അങ്ങേയറ്റം നാണക്കേടാണ്. സ്ത്രീകൾക്കെതിരായി അതിക്രമ കേസുകളിലുൾപ്പെട്ട പ്രതികൾ യഥാസമയം ശിക്ഷിക്കപ്പെടുമെന്നു വന്നാലേ ബന്ധപ്പെട്ട നിയമങ്ങൾക്കു പ്രസക്തി കൈവരൂ. നിയമത്തെ ഭയക്കേണ്ടതില്ലെന്ന പൊതു ധാരണയാണ് സമൂഹത്തിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ കാരണം. ആ നില എന്തു വിലകൊടുത്തും മാറ്റിയെടുക്കണം. അതിനു സാധിച്ചില്ലെങ്കിൽ കൂടുതൽ അരാജകത്വത്തിലേക്കായിരിക്കും രാജ്യം നീങ്ങുക.