കടയ്ക്കാവൂർ: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 600രൂപയാക്കുക, തൊഴിൽ ദിനം 250ആക്കുക, സമയം രാവിലെ ഒൻപത് മുതൽ നാലുവരെ ആക്കുക, കൂലി കുടിശിക അനുവദിക്കുക, സമഗ്ര പെൻഷൻ പദ്ധതി ആവിഷ്‌കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 10ന് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ രാജ്ഭവന് മുന്നിൽ നടത്തുന്ന മാർച്ചിന്റെ പ്രചാരണത്തിനായി യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജാഥയുടെ ആദ്യ ദിവസ പര്യടനം അഞ്ചുതെങ്ങിൽ സമാപിച്ചു.
അഡ്വ. മടവൂർ അനിൽ നേതൃത്വം നൽകുന്ന എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കമ്മിറ്റി സംഘടിപ്പിച്ച വടക്കൻ മേഖല ജാഥയുടെ സമാപന സമ്മേളനം കെ.എം. ലാജി ഉദ്ഘാടനം ചെയ്‌തു. ജാഥ വൈസ് ക്യാപ്റ്റൻ വി. റീന, മരുതൂർ വിജയൻ, വി. ലൈജു, പ്രവീൺചന്ദ്ര, ലിജാബോസ്, ആർ. സരിത, വേണുഗോപാലൻ നായർ, കാക്കകുന്നു മോഹൻ, ആർ. മോഹൻ, ശോഭനൻ, എസ്. തങ്കമണി എന്നിവർ സംസാരിച്ചു.