ഉള്ളൂർ: മെഡിക്കൽ കോളേജ് ജനറൽ സർജറി വിഭാഗത്തിനു കീഴിൽ പുതുതായി രണ്ട് സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളുടെ പ്രവർത്തനം ആരംഭിച്ചു. സർജറി വിഭാഗത്തിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് ഓരോ രോഗിക്കും കാലതാമസമില്ലാതെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്ലിനിക്കുകൾ ആരംഭിച്ചത്. രണ്ട് ക്ലിനിക്കുകളുടെയും ഉദ്ഘാടനം ഇന്നലെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.കെ. അജയകുമാർ നിർവഹിച്ചു. പുതിയ അൾട്രാസൗണ്ട് സ്‌കാനറിന്റെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷർമ്മദ് നിർവഹിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയെ രോഗീ സൗഹൃദമാക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന വികസന പദ്ധതികൾക്ക് ആക്കം കൂട്ടാൻ പുതിയ ക്ലിനിക്കുകൾ ആരംഭിച്ചതിലൂടെ കഴിയുമെന്ന് ജനറൽ സർജറി വിഭാഗം മേധാവി ഡോ. അബ്ദുൾ ലത്തീഫ് പറഞ്ഞു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജോബിജോൺ, ഡോ. വിശ്വനാഥൻ എന്നിവർ സംബന്ധിച്ചു. ജനറൽ സർജറി വിഭാഗത്തിനു കീഴിൽ നേരത്തേ മറ്റൊരു സ്‌പെഷ്യാലിറ്റി ക്ലിനിക്ക് ആരംഭിച്ചിരുന്നു. ഇതോടെ ജനറൽ സർജറിക്കു കീഴിൽ പുതിയ മൂന്നു സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്.
പുതുതായി ആരംഭിച്ചത്
അന്നനാളം, ആമാശയം, കരൾ, പാൻക്രിയാസ്, പിത്താശയം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾക്കായി ഹെപ്പറ്റോബിലിയറി ആൻഡ് അപ്പർ ഗ്യാസ്‌ട്രോ ഇന്റസ്റ്റിനൽ ട്രാക്ട് ക്ലിനിക്കും, വൻകുടൽ, മലദ്വാരം എന്നീ അവയവങ്ങളുടെ രോഗങ്ങൾ ചികിത്സിക്കുന്നതിനായി കൊളോറാക്ടൽ സർജറി ആൻഡ് ഹെമറോയിഡ്‌സ് ക്ലിനിക്കുമാണ് പുതുതായി ആരംഭിച്ചത്.
പ്രവർത്തനം
ഹെപ്പറ്റോബിലിയറി ആൻഡ് അപ്പർ ഗ്യാസ്‌ട്രോ ഇന്റസ്റ്റിനൽ ട്രാക്ട് ക്ലിനിക്ക് സർജറി വിഭാഗം പ്രൊഫസർ ഡോ. നിസാറുദീന്റെ നേതൃത്വത്തിൽ എല്ലാ ചൊവ്വാഴ്ചകളിലും കൊളോറെക്ടൽ സർജറി ആൻഡ് ഹെമറോയിഡ്‌സ് ക്ലിനിക് പ്രൊഫസർ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിൽ ബുധനാഴ്ചയും പകൽ 12 മുതൽ 2 വരെ പ്രവർത്തിക്കും.
പുതിയ അൾട്രാസൗണ്ട് സ്‌കാനർ സ്ഥാപിച്ചത് - 7.5ലക്ഷം രൂപ ചെലവിൽ