road

കിളിമാനൂർ: സംസ്ഥാന പാതയിൽ നിന്ന് ദേശിയ പാതയെ ബന്ധിപ്പിച്ച് അവിടെ നിന്ന് വർക്കല ടൂറിസ്റ്റ് സ്ഥലവുമായി ബന്ധിപ്പിക്കുന്ന മുപ്പത്തി ഒന്ന് കിലോ മീറ്റർ റോഡ് നിർമ്മാണം ധ്രുതഗതിയിൽ. കിളിമാനൂർ പുതിയ കാവിൽ ആരംഭിച്ച് വർക്കലയിൽ അവസാനിപ്പിക്കുന്ന റോഡാണ് ആധുനിക രീതിയിൽ നിർമ്മാണം നടക്കുന്നത്. കിലോമീറ്ററിന് ഒരു കോടി ചെലവിൽ നിർമ്മിക്കുന്ന റോഡ് പൂർത്തിയാകുന്നതോടെ യാഥാർത്ഥ്യമാകുന്നത് ഇടറോഡുകളെ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വർക്കലയെ ബന്ധിപ്പിക്കുക എന്ന സ്വപ്നമാണ്.

കിളിമാനൂർ - ആലംകോട്, മണനാക്ക് - ചെറുന്നിയുർ, ഒറ്റൂർ - മണമ്പൂർ എന്നി റോഡുകളാണ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരണ പ്രവർത്തനം നടക്കുന്നത്. വീതി കൂട്ടുക, ഓടകളുടെ നിർമാണം, ഫുഡ് പാത്ത് നിർമ്മാണം എന്നീ പ്രവർത്തനങ്ങളാണ് ധ്രുത ഗതിയിൽ നടക്കുന്നത്. പ്രധാന റോഡുകളിൽ മാലിന്യം ഒഴുക്കിവിടുന്നതിനും, കേബിൾ, വാട്ടർ കണക്ഷൻ എന്നിവ കടത്തി വിടുന്നതിന് പ്രത്യേകം പ്രത്യേകം ഓടകളാണ് നിർമ്മിക്കുന്നത്. ആറ്റിങ്ങൽ, വർക്കല നിയോജക മണ്ഡലങ്ങളിലായി കടന്നു പോകുന്ന ഈ റോഡ് നവീകരണം പൂർത്തിയാകുന്നതോടെ കിളിമാനൂർ, കാരേറ്റ്, കല്ലറ, വാമനപുരം മേഖലകളിലെ ജനങ്ങൾക്ക് കർക്കടക വാവ് ഉൾപ്പെടെയുള്ള ദിവസങ്ങളിൽ വർക്കലയിലേക്ക് യാത്ര സൗകര്യം സുഖമമാകും.