വർക്കല: വിദ്യാർത്ഥി നിർമ്മിച്ച സൗരോർജവിളക്ക് സ്കൂൾ ഗേറ്റിന് അലങ്കാരമാവുന്നു. അയിരൂർ എം.ജി.എം മോഡൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ശിവകൃഷ്ണ നിർമ്മിച്ച സൗരോർജവിളക്കാണ് സ്കൂൾ ഗേറ്റിന് അലങ്കാരമാവുന്നത്. ശിവകൃഷ്ണയുടെ ശാസ്ത്ര അഭിരുചിയെ അഭിനന്ദിച്ചു കൊണ്ട് സൗരോർജവിളക്ക് സ്കൂൾ കവാടത്തിൽ സ്ഥാപിച്ചു. വിളക്കിന്റെ സ്വിച്ച്ഓൺ കർമ്മം കെ.എസ്.ഇ.ബിയുടെ കെടാകുളം സെക്ഷൻ അസി. എൻജിനിയർ ആർ.എസ്. സുനിൽ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അഡ്വ. ബി. ഷാലി അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ഡോ. പി.കെ. സുകുമാരൻ വിശിഷ്ടാതിഥിയെയും വിളക്കു നിർമ്മിച്ച ശിവകൃഷ്ണയെയും ആദരിച്ചു. പ്രിൻസിപ്പൽ ഡോ. എസ്. പൂജ സ്വാഗതവും ഐഡാമേരി നന്ദിയും പറഞ്ഞു.