മലയിൻകീഴ്: സ്ത്രികളുടെയും കുട്ടികളുടെയും ആശുപത്രി എന്നറിയപ്പെടുന്ന പൂജപ്പുര ആയുർവേദ ആശുപത്രിയിൽ കുടിവെള്ളം മലിനമായിട്ട് മാസങ്ങൾ കഴിഞ്ഞു. കുടിവെള്ള ടാങ്ക് മാലിന്യം കൊണ്ട് നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്ന വിവരം ആശുപത്രിയിൽ നിന്ന് അധികൃതരെ അറിയിച്ചെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. മഴവെള്ളവും പക്ഷികൾ കൊണ്ടിടുന്ന ഭക്ഷണാവശിഷ്ടങ്ങളും വീണ് മലിനമായ ജലമാണ് ആശുപത്രിയിൽ ഉപയോഗിക്കുന്നത്. ആയുർവേദ ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര നൃത്താലയമെന്നറിയപ്പെടുന്ന ആശുപത്രിയിൽ പഞ്ചകർമ്മ, ഓട്ടിസം, പ്രസവം തുടങ്ങിയ ആവശ്യങ്ങൾക്ക് ചികിത്സതേടി എത്തുന്നവരാണ് കൂടുതലും. ആശുപത്രി പരിസരമാകെ ഇഴജന്തുക്കളുടെയും മറ്റ് ശൂദ്രജീവികളുടെയും താവളമാണ്. വാട്ടർ ടാങ്കിന്റെ മുകളിൽ മൂടിയിരിക്കുന്ന ടാർപ്പാളിനാകെ കീറിയതിനാൽ മഴവെള്ളവും ഇലകളും വീണ് കിടക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് അധികൃതരെ ടാങ്ക് ക്ലീനിംഗ് നടത്തുന്നതിന് ചുമതലപ്പെടുത്തിയിരുന്നെങ്കിലും അവർ ടാങ്കിന് ചുറ്റും കുറെ തടികൾ കെട്ടി വച്ചതല്ലാതെ യാതൊന്നും ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം.
സർക്കാരിൽ നിന്ന് ആവശ്യത്തിന് ഫണ്ടുകൾ ലഭിച്ചിട്ടും അത്യാവശ്യ പ്രവർത്തനങ്ങൾ നടത്താൻ പോലും അധികൃതർ തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ശുചീകരണ പ്രവർത്തനങ്ങൾ പൊതു സ്ഥാപനങ്ങളിൽ ധ്രുതഗതിയിൽ നടക്കുമ്പോഴാണ് നിരവധിപേർ ചികിത്സ തേടിയെത്തുന്ന ആശുപത്രിക്ക് ഈ ഗതികേട്. പരിസരപ്രദേശങ്ങളാകെ കാട് മൂടി കിടക്കുകയാണ്
രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1വരെ പ്രവർത്തിക്കുന്ന ഒ.പിയിലുമായി ചികിത്സക്കെത്തുന്നവരും ആശുപത്രി ജീവനക്കാരും ഉപയോഗിക്കുന്ന വെള്ളമാണ് ഇത്തരത്തിൽ മലിനമായിരിക്കുന്നത്. ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഇക്കാര്യം ബോദ്ധ്യപ്പെടുത്തിയിട്ടും ഫലമില്ലെന്നാണ് ജീവനക്കാരും പറയുന്നത്. ടാങ്കിലെത്തുന്ന പൈപ്പും തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്.