വെള്ളറട: മലയോര മേഖലകളിലെ വില്ലേജ്ഓഫീസുകളെല്ലാം സ്മാർട്ടാകാൻ ഒരുങ്ങുകയാണ്. ഇതിനായുള്ള പ്രവർത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. റവന്യൂ വകുപ്പിന്റെ പ്ലാൻ ഫണ്ടും എം.എൽ.എ ഫണ്ടും ഉപയോഗിച്ചാണ് നിർമ്മാണം. ഇതോടെ പാറശാല നിയോജകമണ്ഡലത്തിലെ മൂന്ന് വില്ലേജ്ഓഫീസുകൾ സ്മാർട്ടാക്കാനുള്ള നീക്കത്തിന് തുടക്കമായത്. കുന്നത്തുകാൽ വില്ലേജ്ഓഫീസിലെ പഴയ കെട്ടിടം പൊളിച്ച് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിനുള്ള തറക്കല്ലിടീൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പുതിയ ഓഫീസുകളിൽ ഡിജിറ്റലൈസേഷൻ, സംപൂർണ കംപ്യൂട്ടറൈസേഷൻ തുടങ്ങിയ ആധുനിക സംവിധാനങ്ങളും ഒരുക്കും. റവന്യൂ വകുപ്പ് അനുവദിച്ച ഫണ്ട് തികഞ്ഞില്ലെങ്കിൽ എം.എൽ.എ ഫണ്ട് കൂടി വിനിയോഗിക്കാനാണ് തീരുമാനം. നേരത്തേ തയാറാക്കിയ എസ്റ്റിമേറ്റിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കൂടുതൽ തുക അനുവദിച്ചത്. ഇതിനു പുറമെ പാറശാല നിയജോകമണ്ഡലത്തിലെ മൂന്ന് വില്ലേജ് ഓഫീസുകളിലും നവീകരണത്തിന് ഫണ്ടുകൾ അനുവദിച്ചിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ വില്ലേജുകളും സ്മാർട്ടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

കുന്നത്തുകാലിൽ സ്മാർട്ട് വില്ലേജ്ഓഫീസിനുള്ള തറക്കലിടൽ കർമ്മം സി.കെ. ഹരീന്ദ്രൻ നിർവഹിച്ചു വെള്ളറടയിലെ ആനപ്പാറയിൽ വനം വകുപ്പ് അനുവദിച്ച സ്ഥലത്ത് സ്മാ‌ർട്ട് വില്ലേജ് ഓഫീസ് പണിയാൻ നടപടി ആയി സ്മാർട്ട് വില്ലേജ് ഓഫിസ് നിർമ്മാണ ചുമതല കെല്ലിന്.

ഏറെ കാലപ്പഴക്കം ചെന്ന കുന്നത്തുകാൽ വില്ലേജ് ഓഫീസ് പുനർ നിർമ്മിക്കാൻ സി.കെ. ഹരീന്ദ്രൻ എം.എൽ.എയാണ് മുൻ കൈയെടുത്തത്. അതോടൊപ്പം തന്നെ മറ്റു വില്ലേജുകളും നവീകരണത്തിനും പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാനും സർക്കാരിന്റെ സഹായം തേടിയതും എം.എൽ.എ തന്നെ.