തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പലിനെ പുറത്താക്കുക,​ എസ്.എഫ്.ഐ ക്രിമിനലുകളെ അറസ്റ്റ് ചെയ്യുക,​ കോളേജിൽ സമാധാനം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.യു സംഘടിപ്പിച്ച യൂണിവേഴ്സിറ്റി കോളേജ് മാർച്ചിൽ സംഘർഷം. ബാരിക്കേഡിന് മുകളിലൂടെ അതിക്രമിച്ച് കയറാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ‌വാതകവും പ്രയോഗിച്ചു. ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ച രണ്ട് പ്രവർത്തകർക്ക് താഴെ വീണ് പരിക്കേറ്റു. സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീർ പള്ളിവേൽ, സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലം എന്നിവരെ നിസാര പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ച‌യ്‌ക്ക് ഒന്നരയോടെ എം.എൽ.എ ഹോസ്റ്റലിന് മുന്നിൽ നിന്നെത്തിയ പ്രവർത്തകരെ പാളയം സാഫല്യം കോംപ്ലക്‌സിന് സമീപം പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ മറികടക്കാൻ പ്രവർത്തകർ ശ്രമിക്കുന്നതിനിടെ പൊലീസ് ഏഴുതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരിൽ ചിലർ പൊലീസിന് നേരെ കല്ലും കമ്പുകളും വലിച്ചെറിഞ്ഞു. തുടർന്ന് പൊലീസ് മൂന്ന് തവണ കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു. ഇതിനിടെ അയ്യങ്കാളി ഹാൾ കോമ്പൗണ്ടിൽ നിന്ന് സമരക്കാർക്ക് നേരെ കല്ലേറുണ്ടായി. പൊലീസ് ഇടപെട്ടതിനാൽ കൂടുതൽ അക്രമം നടന്നില്ല. നേതാക്കളെത്തി പ്രവർത്തകരെ അനുനയിപ്പിക്കുകയായിരുന്നു. നവംബർ 29ന് യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു നടത്തിയ പ്രതിഷേധത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് അടക്കമുള്ളവർക്ക് പരിക്കേറ്റതിനാൽ ഇത്തവണ കർശന സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. എം.ജി റോഡിൽ പാളയം ഭാഗത്തേക്കുള്ള വാഹനങ്ങളൊന്നും രണ്ട് മണിക്കൂറോളം കടത്തിവിട്ടില്ല. എൻ.എസ്.യു ദേശീയ സെക്രട്ടറി നാഗേഷ് കരിയപ്പ മാർച്ച് ഉദ്ഘാടനം ചെയ്‌തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് സെയ്ദലി കായ്പ്പാടി, ബാഹുൽ കൃഷ്ണ, ശരത് ശൈലേശ്വരൻ, റിങ്കു പഠിപ്പുരയിൽ,​ അജിൻദേവ് തുടങ്ങിയവർ നേതൃത്വം നൽകി.