തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കി വരുന്ന ഹൈടെക് സ്‌കൂൾ ഹൈടെക് ലാബ് പദ്ധതികൾ പൂർത്തീകരണത്തിലേക്ക്. 2018 ജനുവരിയിൽ ഉദ്ഘാടനം ചെയ്ത് ഹൈടെക്കാക്കുന്ന പദ്ധതി (8 - 12 വരെ ക്ളാസുകൾ), ജില്ലയിലെ 402 സ്‌കൂളുകൾ (243 സർക്കാർ, 159 എയിഡഡ്) പൂർണമായും ഹൈടെക്കാക്കി. 2019 ജൂലായിൽ ഉദ്ഘാടനം ചെയ്ത ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിൽ ഹൈടെക് ലാബ് സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 791 സ്‌കൂളുകളിലും (461 സർക്കാർ, 330എയിഡഡ് ) ഉപകരണ വിതരണം പൂർത്തിയാക്കി. ജില്ലയിൽ ഹൈടെക് സ്‌കൂൾ ഹൈടെക് ലാബ് പദ്ധതികൾക്ക് ഇതുവരെ കിഫ്ബിയിൽ നിന്ന് 46.65 കോടി രൂപയാണ് ചെലവഴിച്ചത്. ഏറ്റവും കൂടുതൽ ഉപകരണങ്ങൾ ലഭ്യമാക്കിയ സർക്കാർ സ്‌കൂൾ ഗവ.ജി.എച്ച്.എസ്.എസ് കോട്ടൺഹിലും (83 ലാപ്ടോപ്പ്, 65പ്രൊജക്ടർ), എയിഡഡ് സ്‌കൂൾ പട്ടം സെന്റ് മേരീസ് ഹയർസെക്കൻ‌ഡറി സ്കൂളുമാണ് (142ലാപ്ടോപ്പ്, 115 പ്രൊജക്ടർ).