waittingshed

വിതുര: തൊളിക്കോട് പഞ്ചായത്തിലെ മലയടി ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന വെയിറ്റിംഗ് ഷെഡ് ഇപ്പോൾ കാറ്റടിച്ചാൽ നിലം പൊത്തുന്ന അവസ്ഥയിലാണ്. ആര്യനാട്-വിതുര റോഡിലാണ് കാത്തിരിപ്പുകേന്ദ്രം. ഇവിടുത്തെ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഏറെ ഗുണപ്രദമായിരുന്ന ഇൗ വെയിറ്റിംഗ് ഷെഡ് ശോചനീയാവസ്ഥയിലായിട്ട് വർഷങ്ങളായി. കെട്ടിടത്തിന്റെ ചുവരുകളും മുകൾ ഭാഗവും പൊട്ടിപൊളിഞ്ഞ് കോൺഗ്രീറ്റ് കമ്പി പുറത്തു തള്ളി നിൽക്കുന്ന അവസ്ഥയിലാണ്. മുകൾ ഭാഗം മുഴുവൻ പായൽമൂടി. മഴയും കാറ്റും വന്നാൽ കോൺഗ്രീറ്റ് ഇളകി വീഴുന്ന അവസ്ഥയിലാണ്. ബസ് കാത്ത് വെയിറ്റിംഗ് ഷെഡിനകത്തിരുന്നവരുടെ ദേഹത്ത് കോൺഗ്രേറ്റ് ഇളകി വീണ സംഭവവും ഉണ്ടായി. മലയടിയിൽ പുതിയ വെയിറ്റിംഗ് ഷെഡ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അനവധി തവണ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് വേളകളിൽ വോട്ട് തേടിയെത്തുന്നവരുടെ മുന്നിൽ വെയിറ്റിംഗ് ഷെഡ് ചോദ്യമാകാറുണ്ട്. വിജയിപ്പിച്ചാൽ ശരിയാക്കി തരാമെന്ന് രാഷ്ട്രീയക്കാർ വാഗ്ദാനം നൽകാറുണ്ടെങ്കിലും കാര്യം വിജയിച്ചാൽ തിരിഞ്ഞുനോക്കാറില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

മലയടിയിലെ വെയിറ്റിംഗ് ഷെഡ് നിലംപൊത്താറായതോടെ മാസങ്ങളായി ആരും കയറാറില്ല. വിതുര, ആര്യനാട്, നെടുമങ്ങാട് ഭാഗത്തേക്കായി പോകുന്ന യാത്രക്കാരും, വിദ്യാർത്ഥികളും മഴയും, വെയിലുമേറ്റ് റോഡിൽ ബസ് കാത്തു നിൽക്കേണ്ട അവസ്ഥ. ബസ് കാത്ത് റോഡരികിൽ നിന്നവരെ വാഹനം ഇടിച്ച സംഭവവും ഉണ്ട്. അടിയന്തരമായി ഇവിടെ കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് മലയടി നിവാസികൾ.