ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടന്ന നെൽക്കൃഷിയുടെ കൊയ്തുത്സവം നടന്നു. നൂറ് മേനി വിളവിന്റെ സംതൃപ്തിയാലാണ് കൊച്ചുകൂട്ടുകാർ. കൊച്ചു പരുത്തിയിൽ കട്ടയിൽകോണം പാടശേഖരത്തിൽ തരിശു കിടന്ന 60 സെന്റ് വയൽ പാട്ടത്തിനെടുത്തായിരുന്നു നെൽകൃഷി. കഴിഞ്ഞ അഞ്ചു വർഷം തുടർച്ചയായി ഇവിടെ കൃഷി നടത്തി വരികയാണ്. മുദാക്കൽ കൃഷിഭവനും കട്ടയിൽകോണം പാടശേഖര സമിതിയും കുട്ടികൾക്ക് വേണ്ട സഹായം ചെയ്തു. പ്രത്യാശ ഇനം നെൽവിത്താണ് കൃഷിക്കുപയോഗിച്ചത്. കട്ടയിൽകോണത്തെ മുതിർന്ന കർഷകനായ രഘുനാഥൻ കുട്ടികളുടെ സഹായത്തിന് എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടായിരുന്നു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപും മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരിയും ചേർന്ന് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. മുദാക്കൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ വി.ടി. സുഷമാദേവി, അനിതാരാജൻ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധുകുമാരി, സ്കൂൾ പി.ടി.എ പ്രസിഡന്റ് അഡ്വ. എൽ.ആർ. മധുസൂദനൻ നായർ, അംഗങ്ങളായ കെ. ശ്രീകുമാർ, മീനാക്ഷി, സ്കൂൾ ഹെഡ്മിസ്ട്രസ് ടി.ടി. അനിലാറാണി, കൃഷി വകുപ്പുദ്യോഗസ്ഥരായ മാത്യു കോശി, സുന്ദരേശൻ, മണികണ്ഠൻ നായർ, കമ്യൂണിറ്റി പൊലീസ് ഓഫീസർ എൻ. സാബു എന്നിവർ നേതൃത്വം നൽകി. നെൽക്കൃഷി കൂടാതെ പച്ചക്കറി കൃഷിയും കുട്ടികൾ ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കി വരികയാണ്. ജൈവ കൃഷിയാണ് അവലംബിച്ചത്. ഈ നെല്ല് കുത്തി സ്കൂളിൽ ചോറു വച്ച് നൽകാനാണ് പദ്ധതി. പച്ചക്കറികൾ കൂടുതൽ വിളയുന്ന മുറയ്ക്ക് വില്പനയും നടത്തുന്നുണ്ട്.