bgnn

വർക്കല: നാശത്തിന്റെ വക്കിലായ വ്യവസായ സ്ഥാപനങ്ങൾക്ക് സർക്കാർ പച്ചക്കൊടി കാണിക്കുമ്പോഴും നാല് പതിറ്റാണ്ട് മുമ്പ് നിർമ്മിച്ച വർക്കലയിലെ മിനി വ്യവസായ എസ്റ്റേറ്റിന് അവഗണന മാത്രം. വർക്കലയുടെ വികസന സ്വപ്‌നങ്ങൾക്ക് പ്രാരംഭം കുറിച്ച മിനി എസ്റ്റേറ്റ് പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നാണ് ആശങ്ക. 43 വർഷം മുമ്പ് സംസ്ഥാനത്ത് വ്യവസായിക കേന്ദ്രങ്ങൾ തുടങ്ങിയപ്പോഴാണ് വർക്കല പെരുങ്കുളത്തും മിനി വ്യവസായ കേന്ദ്രം സ്ഥാപിച്ചത്. 12 യൂണിറ്റുകൾ ഉണ്ടായിരുന്ന ഇവിടെ നിലവിൽ വെൽഡിംഗ് വർക്ക്ഷോപ്പ്, എയ്റോ സ്‌പെയ്സ് കമ്പോണന്റ്സ്, കാലിത്തീറ്റ നിർമ്മാണ യൂണിറ്റ്, ടയർ റീബട്ടൺ എന്നീ നാല് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ബാങ്കിൽ നിന്നും ലോണെടുത്താണ് പലരും വ്യവസായ യൂണിറ്റുകൾ ആരംഭിച്ചത്. നഷ്ടം കാരണം തിരിച്ചടവ് മുടങ്ങിയതോടെ യൂണിറ്റുകൾ അടച്ചുപൂട്ടുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെയാണ് ഇവിടെ നാല് യൂണിറ്റുകളും പ്രവർത്തിക്കുന്നത്. ആസ്ബറ്റോസ് പാകിയ മേൽക്കൂരയുടെ പല ഭാഗങ്ങളും ചോർന്നൊലിക്കുകയാണ്. ഭിത്തിയോട് ചേർന്ന് വളർന്നുനിൽക്കുന്ന ആൽ മരം കാരണം കെട്ടിടം ഏതുനിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ്. ഈ മരം മുറിച്ചുമാറ്റി അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് നിരവധി തവണ സംരംഭകർ വ്യവസായ വകുപ്പിനോടും സിഡ്കോയോടും രേഖാമൂലം ആവശ്യപ്പെട്ടിട്ടും നടപടിയുമുണ്ടായില്ലെന്ന് സംരംഭകർ പറയുന്നു.

തകർച്ചയുടെ കാരണങ്ങൾ

-----------------------------------------

 സാമ്പത്തിക ബാദ്ധ്യത തിരിച്ചടിയായി

 സർക്കാരിൽ നിന്നും സഹായം ലഭിച്ചില്ല

 നിലവിൽ അടിസ്ഥാന സൗകര്യങ്ങളില്ല

 കെട്ടിടം തകർച്ചയുടെ വക്കിൽ

 സ്ഥലം കൈയേറിയെന്ന് ആരോപണം

എസ്റ്റേറ്റ് തുടങ്ങിയത് - 1976ൽ

സ്ഥലം - 1.80 ഏക്കർ

ആദ്യം - 12 യൂണിറ്റ്

നിലവിൽ - 3 യൂണിറ്റ്