തിരുവനന്തപുരം: പ്രശസ്ത മൃദംഗ വിദ്വാൻ പ്രൊഫ. മാവേലിക്കര വേലുക്കുട്ടി നായരുടെ സ്മരണാർത്ഥം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഇക്കൊല്ലത്തെ സംഗീത പുരസ്കാരം പ്രമുഖ സംഗീതജ്ഞനും സംഗീത സംവിധായകനുമായ പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന് സമ്മാനിക്കും. പതിനായിരം രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന പുരസ്കാരം 28ന് തീർത്ഥപാദമണ്ഡപത്തിൽ നടക്കുന്ന വേലുക്കുട്ടിനായരുടെ 93-ാം ജന്മദിനാചരണ സമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറി വൈക്കം വേണുഗോപാൽ അറിയിച്ചു. തുടർന്ന് പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്റെ സംഗീതസദസുമുണ്ടാകും.