iffk

തിരുവനന്തപുരം: ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) നാളെ തിരി തെളിയും. വൈകിട്ട് ആറിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ ബാലൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായിരിക്കും. നടി ശാരദയാണ് വിശിഷ്ടാതിഥി.ഉദ്ഘാടന സമ്മേളനത്തിനു ശേഷം സെർഹത്ത് കരാസ്ളാൻ സംവിധാനം ചെയ്ത ടർക്കിഷ് ചിത്രം 'പാസ്ഡ് ബൈ സെൻസർ' പ്രദർശിപ്പിക്കും. നഗരത്തിലെ 14 തിയേറ്ററുകളിലായാണ് പ്രദർശനങ്ങൾ. 10,500 പേരാണ് ഇതുവരെ ഡെലിഗേറ്റുകളായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. എട്ടു ദിവസം നീളുന്ന മേളയിൽ 15 വിഭാഗങ്ങളിലായി 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങൾ പ്രദർശിപ്പിക്കും. രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പെടെ 14 ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ.

അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസിനാണ് ഇത്തവണ മേളയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം. അഞ്ചു ലക്ഷം രൂപയുടെ പുരസ്കാരം സമാപന ചടങ്ങിൽ സമ്മാനിക്കും. സൊളാനസിന്റെ അഞ്ച് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ലെനിൻ രാജേന്ദ്രൻ, എം.ജെ രാധാകൃഷ്ണൻ, മൃണാൾസെൻ, ഗിരീഷ് കർണാട് എന്നിവർക്ക് മേള സ്മരണാഞ്ജലി അർപ്പിക്കും.