തിരുവനന്തപുരം: മലയാള സിനിമയ്ക്ക് അന്താരാഷ്ട്രതലത്തിൽ പ്രദർശന, വിപണന സൗകര്യമൊരുക്കുന്നതിനായി 24-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ഫിലിം മാർക്കറ്റ് സംഘടിപ്പിക്കും. ഡിസംബർ 8 മുതൽ 11 വരെ നടക്കുന്ന ഫിലിം മാർക്കറ്റിൽ ദേശീയ, അന്തർദേശീയ തലങ്ങളിൽ സേവനം നടത്തുന്ന ഓൺലൈൻ സ്ട്രീമിംഗ് ചാനലുകളും ഫെസ്റ്റിവൽ പ്രോഗ്രാമർമാരും സെയിൽസ് ഏജൻസികളും പങ്കെടുക്കും.
2018 സെപ്തംബർ ഒന്നു മുതൽ 2019 ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ പൂർത്തിയായ മലയാള സിനിമകൾക്ക് ഫിലിം മാർക്കറ്റിൽ പങ്കെടുക്കാം. രാജ്യാന്തര ചലച്ചിത്ര മേളകളിലും ഓൺലൈൻ സ്ട്രീമിംഗ് പ്ളാറ്റ്‌ഫോമുകളിലും സിനിമകളുടെ പ്രദർശന, വിപണന സാദ്ധ്യതകൾ തേടുന്ന മലയാളി ചലച്ചിത്രകാരന്മാർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. നാലു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ സംവിധായകർക്കും മാർക്കറ്റിംഗ് പ്രതിനിധികൾക്കും കൂടിക്കാഴ്ചയ്ക്കുള്ള അവസരമൊരുക്കും.