തിരുവനന്തപുരം: ഫിഷറീസ് കോർപ്പറേഷൻ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് കഠിനംകുളം ഗ്രാമപഞ്ചായത്തിൽ മത്സ്യ കൃഷിയ്ക്കായി കുളം നിർമ്മിച്ചു. ആറ് ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. കുളത്തിന് ചുറ്റും കയർ ഭൂവസ്ത്രം ഉപയോഗിച്ച് സുരക്ഷാ വലയവും തീർത്തിട്ടുണ്ട്. കഠിനംകുളം ചാന്നാങ്കര വാർഡിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിർമിച്ച കുളത്തിൽ സംസ്ഥാന ഫിഷറീസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ഗപ്പി മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കും. മീൻവല, കുളത്തിനടിയിൽ ഇടാൻ ടാർപ്പാ എന്നിവയും ഫിഷറീസ് കോർപ്പറേഷൻ നൽകും. മത്സ്യകൃഷി രംഗത്ത് മികച്ച നേട്ടം കൈവരിക്കാൻ പദ്ധതിയിലൂടെ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ഫെലിക്സ് പറഞ്ഞു.