കല്ലമ്പലം: അശാസ്ത്രീയമായ രീതിയിലെ റോഡ് നിർമ്മാണവും, വാഹനങ്ങളുടെ അമിത വേഗതയും നാവായിക്കുളം മുക്കുകട ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു, നാട്ടുകാർ ഭീതിയിൽ. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ചെറുതും വലുതുമായി നാൽപ്പതോളം അപകടങ്ങളാണ് ഇവിടെ നടന്നത്. കഴിഞ്ഞ ദിവസം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കാറും ബൈക്കും കൂട്ടിയിടിച്ച് പള്ളിക്കൽ സ്വദേശിയായ ബൈക്ക് യാത്രികനാണ് പരിക്കേറ്റത്. അപകട പരമ്പരകൾ ഇവിടെ ആവർത്തിക്കുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടികളും ഉണ്ടാകാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ. ഇത്രയധികം അപകടങ്ങൾ നടക്കുന്ന സ്ഥലത്ത് അപകട സൂചനാ ബോർഡുകൾ ഒന്നും തന്നെ സ്ഥാപിച്ചിട്ടില്ല.
അമ്പതു വർഷത്തോളമായി റോഡിനോടു ചേർന്ന് കല്ലമ്പലം കെ.എസ്.ഇ.ബി സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാതെയുള്ള റോഡ് വികസനമാണ് മുഴുവൻ പ്രശ്നങ്ങൾക്കും കാരണമെന്നാണാക്ഷേപം. ട്രാൻസ് ഫോർമർ മാറ്റിസ്ഥാപിക്കുന്നതിനുള്ള സാങ്കേതിക തടസങ്ങളും, കാലതാമസവുമാണ് റോഡിലെ വളവ് മാറ്റാതെ റോഡിന്റെ നവീകരണം നടത്തുന്നത്. കപ്പാംവിള ഭാഗത്ത് നിന്ന് ഈ വളവിലെക്ക് വന്നു കയറുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. തൊട്ടടുത്തുള്ള ട്രാൻസ്ഫോർമറിലേക്ക് വാഹനങ്ങൾ ഇടിച്ചു കയറിയാൽ അപകടത്തിന്റെ വ്യാപ്തി വളരെ വലുതായിരിക്കും. ദേശീയപാതയെയും, സംസ്ഥാന പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡായതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന ഇതുവഴി കടന്നു പോകുന്നത്. അടിയന്തരമായി ഇവിടം അപകടരഹിതമാക്കാൻ വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.