തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപത്തിന് മുന്നോടിയായി നടക്കുന്ന മുറജപത്തിന്റെ രണ്ടാംമുറ നാളെ അവസാനിക്കും. രാത്രി 8.30ന് കമലവാഹനത്തിൽ പൊന്നും ശീവേലി നടക്കും.
രാത്രി എട്ടിന് ശീവേലിയുടെ ചടങ്ങുകൾ കിഴക്കേ ശീവേലിപ്പുരയിൽ ആരംഭിക്കും. സ്വർണനിർമ്മിതമായ കമലവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയെയും വെള്ളിവാഹനത്തിൽ നരസിംഹമൂർത്തിയെയും എഴുന്നെള്ളിക്കും. ശീവേലി പടിഞ്ഞാറെ നടയിലെത്തുമ്പോൾ തിരുവമ്പാടിയിൽ നിന്ന് ശ്രീകൃഷ്ണസ്വാമിയെയും എഴുന്നെള്ളിക്കും. ആദ്യത്തെ പ്രദക്ഷിണത്തിൽ പടിഞ്ഞാറെ നടയിൽ പ്രത്യേക പൂജയും ദീപാരാധനയും ഉണ്ടായിരിക്കും. മൂന്നു പ്രദക്ഷിണത്തോടെ ശീവേലി സമാപിക്കും. ഉടവാളിന് പിന്നാലെ ക്ഷേത്രംസ്ഥാനി മൂലംതിരുനാൾ രാമവർമ്മ ശീവേലിക്ക് അകമ്പടി പോകും. യോഗക്കാരും ഉദ്യോഗസ്ഥരും വൈദികരും അനുഗമിക്കും. മുറജപത്തോടനുബന്ധിച്ച് ശീവേലിപ്പുര ദീപാലംകൃതമാക്കിയിട്ടുണ്ട്. ഇരുവശത്തും കൂടുതൽ വൈദ്യുതദീപങ്ങൾ തെളിഞ്ഞു. ശീവേലി സമയത്ത് ഇരുവശത്തെയും കൽത്തൂണുകളിൽ ഘടിപ്പിച്ച വിളക്കുകളിലും തിരി തെളിക്കും. ഓരോ മുറയിലും കൂടുതൽ ഭക്തരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശീവേലി തൊഴാനുള്ള സൗകര്യവും അതിനൊപ്പം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച ആരംഭിക്കുന്ന മൂന്നാംമുറ 14ന് അവസാനിക്കും.