തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥികളല്ലാത്ത താമസക്കാരെ പുറത്താക്കണമെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ. വർഷങ്ങളായി ഹോസ്റ്റലിൽ താമസിക്കുന്ന മഹേഷ്‌കുമാർ (ഏട്ടപ്പൻ) കെ.എസ്.യു പ്രവർത്തകരെ മർദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഹോസ്റ്റലിലെ താമസക്കാരുടെ വിവരങ്ങൾ ഉടൻ നൽകണമെന്ന് ഹോസ്റ്റൽ വാർഡനോട് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വി. വിഘ്നേശ്വരി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം വാർഡനും യൂണിവേഴ്സിറ്റി കോളേജിലെ ഇസ്ലാമിക് ഹിസ്റ്ററി അദ്ധ്യാപകനുമായ മനോജ് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇന്നലെ ഡയറക്ടർക്ക് കൈമാറി.

വാർഡൻ നൽകിയ റിപ്പോർട്ട് പ്രകാരം 313 വിദ്യാർത്ഥികളാണ് ഇപ്പോൾ ഹോസ്റ്റലിൽ താമസക്കാരായുള്ളത്. 274 റൂമുകളിലായി 300 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. മഹേഷ് 2017-18 വർഷത്തിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നെന്നും ഈ അദ്ധ്യയന വർഷത്തിൽ ഇയാൾ ഹോസ്റ്റൽ അഡ്മിഷൻ എടുത്തിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിശദമായ റിപ്പോർട്ട് വേണമെന്നും ഓരോ റൂമിലും ആരൊക്കെയാണ് താമസമെന്നും അവരുടെ വിവരങ്ങളും ഒരാഴ്ചയ്ക്കകം ലഭ്യമാക്കണമെന്നും ഡയറക്ടർ വാർഡനോട് നിർദ്ദേശിച്ചു. അതിന് ശേഷം വിദ്യാർത്ഥികളല്ലാത്തവരെ പുറത്താക്കണം. ഹോസ്റ്റലിൽ നിരീക്ഷണ കാമറകൾ വയ്ക്കുന്ന കാര്യവും പരിഗണിക്കണമെന്ന് ഡയറക്ടർ പറഞ്ഞു. യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള നിരവധി കോളേജിലെ വിദ്യാർത്ഥികളാണ് ഹോസ്റ്റലിൽ താമസക്കാരായുള്ളത്. നിലവിൽ പി.ജി അവസാന വർഷക്കാർക്കും പി.എച്ച്.ഡിക്കാർക്കും മാത്രമാണ് സിംഗിൾ റൂമിന് അവകാശമുള്ളത്. എന്നാൽ കാര്യങ്ങൾ ഇങ്ങനെയല്ലെന്നും ചില മുൻ യൂണിയൻ നേതാക്കളുടെ താവളമായി ഹോസ്റ്റൽ മാറുന്നുവെന്നും പരാതികൾ ഉയർന്നിരുന്നു. വാർഡന് പുറമേ രണ്ട് റസിഡന്റ് ട്യൂട്ടർമാരും ഹോസ്റ്റലിന്റെ മേൽനോട്ടക്കാരായുണ്ട്.

 എട്ടപ്പനെയും റിയാസിനെയും പിടികൂടാനായില്ല

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ച എട്ടപ്പൻ എന്ന മഹേഷിനെ പിടികൂടാൻ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം തുടരുകയാണെന്നും ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും മ്യൂസിയം പൊലീസ് പറഞ്ഞു. നവംബർ 29നുണ്ടായ കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷത്തിൽ പൊലീസിനെ അക്രമിച്ച കേസിലെ ഒന്നാം പ്രതി റിയാസിനെയും അറസ്റ്ര് ചെയ്തിട്ടില്ല. കോളേജിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച കെ.എസ്.യു പ്രവർത്തകരെയും എട്ടപ്പനെയും അറസ്റ്ര് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ ചൊവ്വാഴ്ച കന്റോൺമെന്റ് പൊലീസ് സ്റ്രേഷനിലേക്ക് സംഘടിപ്പിച്ച മാർച്ചിന്റെ മുൻനിരയിലുണ്ടായിരുന്നിട്ടും ഇയാളെ അറസ്റ്ര് ചെയ്യാത്തതിൽ പൊലീസിനെതിരെ വിമർശനമുയർന്നിട്ടുണ്ട്.