ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി - 20 പരമ്പരയ്ക്ക് നാളെ ഹൈദരാബാദിൽ തുടക്കം

ഹൈദരാബാദ് : ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്ന് ട്വന്റി - 20 ക്രിക്കറ്റ് മത്സരങ്ങളുടെ പരമ്പര നാളെ ഹൈദരാബാദിൽ തുടങ്ങുമ്പോൾ മലയാളികൾ ഉറ്റുനോക്കുന്നത് ഒറ്റക്കാര്യം മാത്രം, സഞ്ജു സാംസൺ ഇക്കുറിയെങ്കിലും പ്ളേയിംഗ് ഇലവനിലുണ്ടാകുമോ?

നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം സഞ്ജുവിനെ ഇന്ത്യൻ ടീമിലേക്ക് വിളിച്ചത് കഴിഞ്ഞ മാസം ബംഗ്ളാദേശിനെതിരായ മൂന്ന് ട്വന്റി - 20കളുടെ പരമ്പരയിലാണ്. എന്നാൽ മൂന്ന് മത്സരങ്ങളിലും 'വാട്ടർ ബോയി' ആയി പുറത്തിരുത്താനായിരുന്നു ടീം മാനേജ്മെന്റിന്റെ തീരുമാനം. ബാറ്റിംഗിൽ നിരന്തര പരാജയമായ ഋഷഭ് പന്തിനെതന്നെ വിക്കറ്റ് കീപ്പറാക്കി നിലനിറുത്തിയ സെലക്ടർമാർ സഞ്ജുവിനെ സ്പെഷ്യലിസ്റ്റ് ബാറ്റ്‌സ്‌മാനായാണ് ടീമിലെടുത്തിരുന്നത്. പന്ത് ഓരോ കളിയിലും മോശം പ്രകടനം കാഴ്ചവച്ചിട്ടും നിരന്തരം അവസരങ്ങൾ കൊടുത്തുകൊണ്ടേയിരുന്ന സെലക്ടർമാർ സഞ്ജുവിനോട് കാട്ടിയ ഏറ്റവും വലിയ ചതി വിൻഡീസ് പര്യടനത്തിനുള്ള ടീമിൽ നിന്ന് ആദ്യം നിസാരമായി ഒഴിവാക്കിയതാണ്. ഗൗതം ഗംഭീർ, ഹർഭജൻ സിംഗ് തുടങ്ങിയ മുൻനിര താരങ്ങൾ ഇതിനെതിരെ പരസ്യമായി രംഗത്തു വന്നിട്ടും എം.എസ്.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്‌ഷൻ കമ്മിറ്റി നിഷ്കരുണം സഞ്ജുവിനെ വെട്ടിമാറ്റി. ചീഫ് സെലക്ടർ എന്ന നിലയിൽ പ്രസാദിന്റെ അവസാന കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

എന്നാൽ വിധിയുടെ വിളയാട്ടമെന്ന പോലെ ശിഖർ ധവാൻ ഡൽഹിക്കുവേണ്ടി സെയ്‌ദ് മുഷ്‌താഖ് അലി ട്രോഫിയിൽ കളിക്കുന്നതിനിടെ കാൽമുട്ടിന് പരിക്കേൽക്കുകയും സഞ്ജുവിനെ പകരക്കാരനായി ഉൾപ്പെടുത്തേണ്ടി വരികയുമായിരുന്നു. കൈവിട്ടു പോയെന്ന് കരുതിയിടത്തു നിന്നാണ് സഞ്ജുവിനെത്തേടി അവസരം വീണ്ടുമെത്തിയിരിക്കുന്നത്.

ഏത് പൊസിഷനിൽ കളിപ്പിക്കും?

1. ഓപ്പണറായ ശിഖർ ധവാന് പകരമാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്. ഓപ്പണിംഗ് പൊസിഷനിൽ രോഹിത് ശർമ്മയും കെ.എൽ. രാഹുലും സംഘത്തിലുള്ളതിനാൽ സഞ്ജുവിന് അവസരം ലഭിക്കുമോയെന്ന് ഉറപ്പില്ല.

2. മദ്ധ്യനിരയിൽ പരീക്ഷിക്കുകയാണെങ്കിൽ വിരാട് കൊഹ്‌ലി, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ എന്നിവരിൽ ആർക്കെങ്കിലും പകരക്കാരനാകണം.

3. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് ഇപ്പോഴും ടീമിലുണ്ട്. പന്തിനെ മാറ്റി സഞ്ജുവിന് അവസരം നൽകാൻ ഇനിയെങ്കിലും ടീം മാനേജ്മെന്റ് തയ്യാറാകുമോ എന്ന് കണ്ടറിയണം

''ഏത് പൊസിഷനിൽ കളിക്കാനും ഞാൻ തയ്യാറാണ്. ബാറ്റും ഗ്ളൗവും എല്ലാം എടുത്തിട്ടുണ്ട്. ടീം മാനേജ്മെന്റ് ആവശ്യപ്പെടുന്നത് ചെയ്യാൻ തയ്യാറാണ്.''

സഞ്ജു സാംസൺ

''വിൻഡീസിനെതിരായ പരമ്പരയിൽ സഞ്ജുവിന് അവസരം ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. അന്താരാഷ്ട്ര തലത്തിൽ തിളക്കമാർന്ന ഭാവി സഞ്ജുവിനെ കാത്തിരിപ്പുണ്ട്.''

ജയേഷ് ജോർജ്

ബി.സി.സി.ഐ വൈസ് പ്രസിഡന്റ്

കെ.സി.എ സെക്രട്ടറി

ഓപ്പണറായി തന്നെ സഞ്ജുവിനെ കളിപ്പിക്കണമെന്നാണ് ആഗ്രഹം. ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ തയ്യാറുള്ള കളിക്കാരനാണ് സഞ്ജു.

ബിജു ജോർജ്

സഞ്ജുവിന്റെ പരിശീലകൻ

ടീമുകൾ ഹൈദരാബാദിൽ

ട്വന്റി - 20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെയും വെസ്റ്റ് ഇൻഡീസിന്റെയും ടീമുകൾ ഹൈദരാബാദിലെത്തി. ബംഗ്ളാദേശിനെതിരായ ട്വന്റി - 20 പരമ്പരയിൽ നിന്ന് വിട്ടു നിന്ന വിരാട് കൊഹ്‌ലി വീണ്ടും ഷോർട്ട് ഫോർമാറ്റുകളിലെ നായക സ്ഥാനം ഏറ്റെടുക്കും. ഇതാദ്യമായാണ് വിരാടിന്റെ നായക പദവിക്ക് കീഴിൽ സഞ്ജു ടീമിലെത്തുന്നത്. ബംഗ്ളാദേശിനെതിരെ രോഹിത് ശർമ്മയാണ് ടീമിനെ നയിച്ചിരുന്നത്.

400

അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കാഡിലെത്താൻ വൈസ് ക്യാപ്ടൻ രോഹിത് ശർമ്മയ്ക്ക് ഒറ്റ സിക്സ് കൂടി മതി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ മൂന്നാമത്തെ ബാറ്റ്‌സ്‌മാനാണ് രോഹിത്. ക്രിസ് ഗെയ്‌ൽ (534), ഷാഹിദ് അഫ്രീദി (476) എന്നിവരാണ് രോഹിതിന് മുന്നിലുള്ളത്.