veed

കാട്ടാക്കട: ജമ്മുകാശ്മീരിലെ ലഡാക്കിൽ മരിച്ച ജവാന്റെ മരണം നാടിന് നൊമ്പരമായി. പൂവച്ചൽ കുഴക്കാട് കല്ലണമുഖം ശ്രീശൈലത്തിൽ സുദർശനന്റെയും സതികുമാരിയുടെയും മകൻ എസ്.എസ്.അഖിൽ (29) ആണ് മരിച്ചത്. കൂലിപ്പണിക്കാരായ സുദർശനകുമാർ-സതികുമാരി ദമ്പതികളുടെ പ്രതീക്ഷയായിരുന്നു അഖിൽ. അഖിലിന് ജോലി കിട്ടിയതോടെയാണ് കുടുംബം പ്രാരാബ്ദത്തിൽ നിന്നു കര കയറിയത്. സഹോദരൻ എസ്.എസ്. അക്ഷയിന് പൊലീസിൽ ജോലി കിട്ടിയതോടെ കുടുംബം രക്ഷപ്പെട്ടു എന്നു കരുതിയിരിക്കെയാണ് അപ്രതീക്ഷിതമായി വിധി അഖിലിനെ തട്ടിയെടുത്തത്. കരസേനയിൽ നായിക്ക് ആയ അഖിൽ നഴ്‌സിംഗ് അസിസ്റ്റന്റാണ്. പതിനൊന്നു വർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നു. ചെറുപ്പം മുതലേ വളരെ സൗമ്യനായ അഖിൽ (സന്ദീപ്) നാട്ടുകാർക്കും പരിസരവാസികൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. കുഴയ്ക്കാട്ടെ പ്രതീക്ഷാ കലാസമിതിയുടെ പ്രവർത്തകനായിരുന്ന അഖിൽ ലീവിന് നാട്ടിൽ എത്തുമ്പോഴെല്ലാം കലാ സമിതിയുടെ പ്രവർത്തനങ്ങളിൽ സജീവമാകുമായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു.

അഖിൽ അവസാനമായി നാട്ടിലെത്തുന്നത് മകൻ ദേവരതിന്റെ ഒന്നാം പിറന്നാളാഘോഷത്തിനായിരുന്നു. ലീവ് കഴിഞ്ഞ് ഇക്കഴിഞ്ഞ ഒക്ടോബറിലാണ് അഖിൽ ജോലിസ്ഥലത്തേക്ക് മടങ്ങിയത്. അവധി കിട്ടുമ്പോഴും വിശ്രമ വേളകളിലും അഖിൽ മാതാപിതാക്കളെയും ഭാര്യയെയും ഫോണിൽ വിളിച്ച് ദിവസേനയുള്ള വിശേഷങ്ങൾ തിരക്കിയിരുന്നു. അതുപോലെയാണ് ചൊവ്വാഴ്ചയും വീട്ടിലേക്ക് വിളിച്ചത്. അഖിൽ അവസാനമായി ജോലി സ്ഥലത്തു നിന്നു വീട്ടിലേക്ക് ഫോൺ വിളിച്ചപ്പോഴും 200 കിലോമീറ്റർ വേഗതയിൽ കാറ്റുണ്ടെന്നും നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ടെന്നും ഭാര്യയോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടുകാർ ആ ദുരന്തവാർത്ത അറിയുന്നത്.

മൃതദേഹം നാളെ നാട്ടിലെത്തിക്കും

കഴിഞ്ഞ ദിവസം ജമ്മുവിലെ ലഡാക്ക് മേഖലയിലുണ്ടായ മഞ്ഞു കൊടുങ്കാറ്റിൽ അഖിൽ അടങ്ങിയ ആറംഗ യൂണിറ്റ് അകപ്പെടുകയായിരുന്നു. സംഘത്തിലെ നാലു പേർ കൂടി മരണമടഞ്ഞു. ഒരാളുടെ നില ഗുരുതരമാണ്. ജവാന്മാരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ശ്രീനഗറിലെ ബേസ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സൈനിക നടപടികൾക്കുശേഷം മൃതദേഹം വിമാനമാർഗം നാളെ രാത്രി 10 ഓടെ തിരുവനന്തപുരത്തെത്തിക്കും.വെള്ളിയാഴ്ച രാവിലെ 7.30ന് പാങ്ങോട് സൈനിക ക്യാമ്പിൽ പൊതു ദർശനത്തിന് വച്ചശേഷം വിലാപയാത്രയായി പൂവച്ചൽ കുഴയ്ക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് അഖിൽ പഠിച്ച കുഴയ്ക്കാട് എൽ.പി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഒൗദ്യോഗിക ബഹുമതികളേടെ വീട്ടുവളപ്പിൽ നടക്കും.