തിരുവനന്തപുരം: സമൂഹത്തിന് കരുതലും കനിവുമേകുന്നൊരു ചുമട്ടുതൊഴിലാളി കൂട്ടായ്‌മയുണ്ട് നഗരത്തിൽ. മൂന്ന് വർഷമായി തുടർച്ചയായി നൽകുന്ന ചികിത്സാ സഹായത്തിന് പുറമേ മൂന്ന് പെൺകുട്ടികൾക്ക് മംഗല്യഭാഗ്യം നൽകിയിരിക്കുകയാണ് വള്ളക്കടവിലെ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള ചുമട്ടു തൊഴിലാളികൾ.
യൂണിയന്റെ വാർഷികാഘോഷങ്ങൾക്കുള്ള തുക മാറ്റിവച്ചാണ് ഇത്തരം സത്കർമ്മങ്ങൾ ചെയ്യുന്നത്. 2017ൽ രണ്ടുപെൺകുട്ടികളുടെ വിവാഹം നടത്തി. 2018ൽ ഒരു പെൺകുട്ടിക്ക് കൂടി മംഗല്യഭാഗ്യമേകി. ഇക്കുറിയും ഈ പതിവ് മുടക്കിയില്ല. ഇന്ന് വള്ളക്കടവ് മദ്രസ ഹാളിൽ രാവിലെ 11.30 നും 12നും മദ്ധ്യേ ബാലരാമപുരം അന്തിയൂർ വയലിൽ വീട്ടിൽ പരേതനായ അബൂബക്കറിന്റെ മകൾ റമീസയുടെ വിവാഹമാണ് ഇവരുടെ നേതൃത്വത്തിൽ നടത്തുന്നത്. അൽ അമീനാണ് വരൻ . വിവാഹത്തിന്റെ ചെലവുകളെല്ലാം വഹിക്കുന്നതിന് പുറമെ, പത്തുപവൻ സ്വർണാഭരണം വിവാഹസമ്മാനമായി റമീസയ്ക്ക് നൽകും. യൂണിയന്റെ പ്രവർത്തങ്ങൾക്ക് വള്ളക്കടവ് നിവാസികൾ നൽകുന്ന പിന്തുണയേകുന്നുണ്ടെന്ന് സെക്രട്ടറി എ.ഹാജാ നാസിമുദീനും കൺവീനർ എസ്. സക്കീറും പറഞ്ഞു.