manoj
കാണാതായ മനോജ്

വെഞ്ഞാറമൂട്: അഞ്ചു ദിവസം മുൻപ് കാണാതായ വില്ലേജ് ഓഫീസറെ ഇതുവരെ കണ്ടെത്താനായില്ല. ആറ്റിങ്ങൽ അവനവഞ്ചേരി വില്ലേജ് ഓഫീസറും വാമനപുരം അമ്മൻകോവിലിന് സമീപം സനുസ്മൃതിയിൽ എൻ.കെ. മനോജിനെയാണ് (44) കഴിഞ്ഞ 30 ന് വൈകിട്ട് ആറു മുതൽ വീട്ടിൽ നിന്നു കണാതായത്. പിറ്റേന്നു തന്നെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെയും കണ്ടെത്താനായില്ല. ഇയാൾ മൊബൈൽ ഫോണുകൾ വീട്ടിൽ ഉപേക്ഷിച്ചു പോയത് അന്വേഷണത്തെ സാരമായി ബാധിച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ കേന്ദ്രീകരിച്ചും സന്നദ്ധ സംഘടനകൾ വഴിയും സോഷ്യൽ മീഡിയയിലൂടെ ഫോട്ടോ സഹിതമുള്ള പോസ്റ്റർ പ്രചരിപ്പിച്ചും നടത്തിയ അന്വേഷണവും ഫലം കണ്ടില്ല. മൂന്നാഴ്ച മുൻപ് ഇയാളുടെ പിതാവ് മരണപ്പെട്ടിരുന്നു ഇതുമായി ബന്ധപ്പെട്ട ചടങ്ങുകളും കഴിഞ്ഞ ദിവസം നടന്നു. മരണാനന്തര ചടങ്ങിനും ഇയാൾ എത്താത്തതോടെ ബന്ധുക്കളും നാട്ടുകാരും അങ്കലാപ്പിലായി. അഞ്ചരയടി പൊക്കവും വെളുത്ത നിറത്തോട് കൂടിയ ശരീരപ്രകൃതിയുള്ള മനോജിനെ കാണാതാകുമ്പോൾ നീല നിറത്തിലുള്ള ഷർട്ടും കറുപ്പും നീലയും ഇടകലർന്ന നീലനിറമുള്ള പാൻസുമാണ് ധരിച്ചിരുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് വെഞ്ഞാറമൂട് പൊലീസ് ഇൻസ്പക്ടർ ബി. ജയൻ പറഞ്ഞു.