manchester-city
manchester city

4-1

ബേൺലിയെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി.

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ബേൺലിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനത്തേക്ക് തിരികെയെത്തി.

ബ്രസീലിയൻ താരം ഗബ്രിയേൽ ജീസസിന്റെ ഇരട്ട ഗോളുകളും റോഡ്രി ഹെർണാണ്ടസ്, റിയാദ് മഹ്‌റേസ് എന്നിവരുടെ ഗോളുകളുമാണ് സിറ്റിക്ക് വിജയം നൽകിയത്.

24-ാം മിനിട്ടിൽ ഗബ്രിയേൽ ജീസസിലൂടെയാണ് സിറ്റി സ്കോറിംഗ് തുടങ്ങിയത്. 50-ാം മിനിട്ടിലും ജീസസ് വലകുലുക്കി. 68-ാം മിനിട്ടിലായിരുന്നു റോഡ്രിയുടെ ഗോൾ. 87-ാം മിനിട്ടിൽ മെഹിറേസും സ്കോർ ചെയ്തു. 89-ാം മിനിട്ടിൽ ബ്രാഡിയാണ് ബേൺലിയുടെ ആശ്വാസഗോൾ നേടിയത്.

15 മത്സരങ്ങളിൽ നിന്ന് 32 പോയിന്റായ മാഞ്ചസ്റ്റർ സിറ്റി ഗോൾ ശരാശരിയിൽ ലെസ്റ്റർ സിറ്റിയെ മറികടന്നാണ് രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. ലെസ്റ്ററിനും 32 പോയിന്റാണുള്ളത്. 14 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുള്ള ലിവർപൂളാണ് ഒന്നാംസ്ഥാനത്ത്.

ബ്ളാസ്റ്റേഴ്സ് ഇന്ന് മുംബെയ്ക്കെതിരെ

മുംബയ് : ഇന്ന് നടക്കുന്ന ഐ.എസ്.എൽ മത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്സ് മുംബയ് സിറ്റി എഫ്.സിയെ നേരിടും. ആദ്യ മത്സരത്തിൽ ജയിച്ചശേഷം പിന്നീടൊറ്റക്കളിപോലും ജയിക്കാത്ത ബ്ളാസ്റ്റേഴ്സ് ആറ് മത്സരങ്ങളിൽ നിന്ന് അഞ്ചു പോയിന്റുമായി പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ആറ് കളികളിൽ നിന്ന് ആറ് പോയിന്റുള്ള മുംബയ് ഏഴാമതും. ഇന്ന് രാത്രി ഏഴര മുതൽ മുംബയ്‌യിലാണ് മത്സരം.

ഇബ്ര വീണ്ടും ഇറ്റലിയിലേക്ക്?

റോം : ഇന്റർമിലാനും യുവന്റ്സിനും എ.സി. മിലാനും വേണ്ടി കളിച്ചിട്ടുള്ള സ്വീഡിഷ് സൂപ്പർ ഫുട്ബാളർ സ്ളാട്ടർ ഇബ്രാഹിമോവിച്ച് ഇറ്റാലിയൻ ഫുട്ബാളിലേക്ക് മടങ്ങിവരുന്നതായി സൂചനകൾ. ഏത് ക്ളബിനുവേണ്ടി കളിക്കുമെന്ന് വ്യക്തമല്ലെങ്കിലും ഇറ്റലിയിലേക്ക് വീണ്ടും വരുന്നുവെന്ന് ഇബ്ര അറിയിക്കുകയായിരുന്നു.

മിക്കി ലങ്കൻ കോച്ച്

കൊളംബോ : പരിചയ സമ്പന്നനായ ദക്ഷിണാഫ്രിക്കക്കാരൻ മിക്കി ആർതർ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനാകും. രണ്ട് വർഷത്തേക്കാണ് കരാർ. ഗ്രാന്റ് ഫ്ളവറും ഡേവിഡ് ശേഖറും സഹപരിശീലകരായി ഉണ്ടാകും. ഫ്ളവർ ബാറ്റിംഗ് കോച്ചായിരിക്കും. ശേഖർ ബൗളിംഗ് കോച്ചും. ആസ്ട്രേലിയക്കാരൻ ഷേൻ മക്ഡർമോട്ടാണ് ഫീൽഡിംഗ് പരിശീലകൻ.

51 കാരനായ മിക്കി ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ ടീമുകളുടെ കോച്ചായിരുന്നു. കഴിഞ്ഞ എട്ടുവർഷത്തിനിടെ ലങ്കൻ കോച്ചാകുന്ന 11-ാമത്തെ ആളാണ് മിക്കി.

ക്യാപ്ഷൻ

ആന്ധ്രപ്രദേശിൽ നടന്ന സൗത്ത് സോൺ പെൻകാക്ക് സിലാട്ട് ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പുകളായ കേരള ടീം.

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങൾ സമരത്തിന്

കേപ്ടൗൺ : ദേശീയ ക്രിക്കറ്റ് ബോർഡുമായുള്ള പ്രശ്നത്തെത്തുടർന്ന് കളിക്കളത്തിലിറങ്ങാതെ സമരം ചെയ്യാൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങളുടെ സംഘടന തീരുമാനിച്ചു. ഈ മാസം ഇംഗ്ളണ്ട് ടീം പര്യടനത്തിനെത്താനിരിക്കേയാണ് താരങ്ങൾ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.