panchayath

കിളിമാനൂർ: ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാനായത് ഈ സർക്കാരിന്റെ മികച്ച പ്രവർത്തനത്തിന് ഉദാഹരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പള്ളിക്കൽ പഞ്ചായത്തിന് ലഭിച്ച അന്താരാഷ്ട്ര ഗുണമേന്മാ അംഗീകാരമായ ഐ.എസ്.ഒ 9001 2015 സർട്ടിഫിക്കറ്റ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നരവർഷക്കാലമായി ജനക്ഷേമത്തിലൂന്നി, അഴിമതി രഹിതമായ ഒരു ഭരണം കാഴ്ചവയ്ക്കാൻ എൽ.ഡി.എഫ് സർക്കാരിനായി. പാവപ്പെട്ടവന്റെ മക്കൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങളെ ലോകത്തിന് തന്നെ മാതൃകയാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാർ പരിശ്രമിക്കുന്നു. ആദ്യഘട്ടമായി 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കി. പാവപ്പെട്ടവർ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളും ആർദ്രം മിഷനിലൂടെ മികച്ച ആരോഗ്യകേന്ദ്രങ്ങളാക്കാൻ സർക്കാരിന് സാധിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു. ചടങ്ങിൽ വി.ജോയി എം.എൽ.എ അദ്ധ്യക്ഷനായി. പള്ളിക്കലിലെ മികച്ച കർഷകരെ ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.പി. മുരളി എന്നിവർ ചേർന്ന് ആദരിച്ചു. പാലിയേറ്റീവ് കെയർ സഹായനിധി കേരള ധാതുവികസന കോർപറേഷൻ ചെയർമാൻ അഡ്വ.മടവൂർ അനിൽ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ് മുഖ്യ പ്രഭാഷകയായി. ത്രേസ്യാമ്മാ ആന്റണി, ടി. ബേബിസുധ, എം. ഹസീന, സുരജാ ഉണ്ണി, എം. നാസർഖാൻ, എസ്. പുഷ്പലത, അബുതാലിബ്, പ്രസന്നാദേവരാജൻ, മിനികുമാരി, എം.എ. റഹീം, ഡോ. ബി. രവീന്ദ്രലാൽ, സജീബ് ഹാഷിം, ജെ. രവീന്ദ്രൻപിള്ള, ഷീബ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി സ്വാഗതവും സെക്രട്ടറി ഷീജാമോൾ നന്ദിയും പറഞ്ഞു.