കല്ലമ്പലം: ദേശീയപാതയിലെ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന പ്രധാന ജംഗ്ഷനായ കല്ലമ്പലത്ത് ട്രാഫിക് സിഗ്നൽ സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി റോഡ്‌ സേഫ്റ്റി അതോറിട്ടി അധികൃതർ അറിയിച്ചു. നാറ്റ് പാക്കിന്റെ വിശദമായ പഠനത്തിലാണ് പദ്ധതി വേണ്ടെന്ന് വയ്ക്കാൻ തീരുമാനിച്ചത്. മിനിട്ടുകളിൽ ധാരാളം വാഹനം കടന്നു പോകുന്ന ജംഗ്ഷൻ വളരെ ഇടുങ്ങിയതാണെന്നും ഡിവൈഡറുകൾ പോലും അശാസ്ത്രീയമായ രീതിയിലാണ് നിർമിച്ചിട്ടുള്ളതെന്നും അതിനാൽ സിഗ്നൽ സംവിധാനം വന്നാൽ കൂടുതൽ കുരുക്കുണ്ടാകാനുള്ള സാദ്ധ്യതയുണ്ടാക്കുമെന്നാണ് നാറ്റ് പാക്കിന്റെ വിശദമായ പരിശോധനയിൽ കണ്ടെത്തിയത്. റോഡ്‌ വികസനം വന്നതിനു ശേഷം മാത്രമേ ഇനി അതിനെക്കുറിച്ച് ആലോചിക്കാനാകുവെന്നും റോഡ്‌ സേഫ്റ്റി വിഭാഗം അറിയിച്ചു. സിഗ്നൽ ഉടൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന നാട്ടുകാർക്കും വ്യാപാരികൾക്കും ഇത് കടുത്ത നിരാശയാണ് നൽകുന്നത്. എന്നാൽ ദേശീയപാത വികസനം വന്നതിനു ശേഷം സിഗ്നൽ സംവിധാനം ഏർപ്പെടുത്തുന്നതാണ് നല്ലതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജംഗ്ഷനിൽ മുഴുവൻ സമയവും ട്രാഫിക് പൊലീസിനെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്.