അമേരിക്കൻ നിയമ നിർമ്മാണസഭ 2019 സെപ്തംബർ 24-ന് ഔദ്യോഗികമായി ട്രംപിനെതിരെ ആരംഭിച്ച ഇംപീച്ച്മെന്റ് നടപടികൾ രണ്ടാം ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഒഫ് റപ്രസന്റേറ്റീവ്സിന്റെ ഇന്റലിജൻസ് കമ്മിറ്റി തയ്യാറാക്കിയ കുറ്റപത്ര പ്രകാരം ട്രംപ് ഇംപീച്ച് ചെയ്യപ്പെടാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അടുത്ത വർഷം നടക്കാൻ പോകുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നതാണ് പ്രധാന കുറ്റം. അമേരിക്കയുടെ ദേശീയ താത്പര്യം മറികടന്ന് തന്റെ വ്യക്തിപരവും രാഷ്ട്രീയവുമായ നേട്ടത്തിനുത്തിനുവേണ്ടി ഔദ്യോഗിക പദവി ദുരുപയോഗിച്ചതിന് നിരവധി തെളിവുകളാണ് അന്വേഷണ കമ്മിഷൻ നിരത്തുന്നത്.
ചെയ്ത കുറ്റം
ട്രംപിനെതിരെ 2020ൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാദ്ധ്യതയുള്ള മുൻ വൈസ് പ്രസിഡന്റ് ജോസഫ് ബൈഡനെതിരെ സാമ്പത്തിക കുറ്റങ്ങൾക്ക് അന്വേഷണം നടത്താൻ ഉക്രയിൻ പ്രസിഡന്റ് ഓളോഡിമിർ സെലൻസ്കിയിൽ സമ്മർദ്ദം ചെലുത്തിയെന്നതാണ് പ്രധാന കുറ്റം. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബാഹ്യശക്തികൾക്ക് ഇടപെടാൻ അവസരമൊരുക്കിയെന്നത് ഗുരുതരമായ ഭരണഘടനാലംഘനമാണ്. തന്റെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉക്രയിന് നൽകാമെന്നേറ്റിരുന്ന 400 മില്യൺ യു.എസ് ഡോളറിന്റെ സൈനിക സഹായം ട്രംപ് തടഞ്ഞുവച്ചു. അമേരിക്കയുടെ വിദേശ താത്പര്യമാണ് രാഷ്ട്രീയ ലക്ഷ്യത്തിനായി ട്രംപ് ഉപയോഗിച്ചത്. അമേരിക്കൻ ജനാധിപത്യത്തേയും ദേശിയ സുരക്ഷയേയും അപകടത്തിലാക്കുന്ന പൊറുക്കാനാവാത്ത തെറ്റാണിതെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ.
അമേരിക്കൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടാൽ അത് അമേരിക്കൻ ജനാധിപത്യത്തിന്റെ അന്തഃസത്തയെയാണ് ചോദ്യം ചെയ്യുന്നത്. അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം ബാഹ്യശക്തികൾ തീരുമാനിച്ചാൽ അത് അമേരിക്കൻ പരമാധികാരത്തിന്റെ കൂടി പ്രശ്നമാകും. 2016ലെ തിരഞ്ഞെടുപ്പിൽ റഷ്യയുടെ സഹായം ട്രംപ് സ്വീകരിച്ചുവെന്ന ആരോപണം നിലവിലെ കുറ്റകൃത്യങ്ങളെ ഗുരുതരമാക്കുന്നു.
സംഘടിത ഗൂഢാലോചന
രണ്ട് മാസമായി അന്വേഷണ കമ്മിഷൻ നയതന്ത്രജ്ഞർ, വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ ഫോൺ കാളുകൾ അടക്കം പരിശോധിച്ചാണ് കുറ്റകൃത്യങ്ങൾക്കാവശ്യമായ തെളിവ് ശേഖരിച്ചിട്ടുള്ളത്. ട്രംപ് ഭരണകൂടത്തിലെ ഉന്നത പദവികൾ വഹിക്കുന്ന വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, വിദേശകാര്യമന്ത്രി മൈക്ക് പോംപിയോ, ഊർജ്ജമന്ത്രി ഋക്ക് പെറി, സൈനിക മേധാവി തുടങ്ങിയവരൊക്കെ ഗൂഢാലോചനയിൽ ഇടപെട്ടിട്ടുണ്ടെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ. കൂടാതെ ട്രംപിന്റെ അഭിഭാഷകൻ നിരന്തരമായി ഇക്കാര്യത്തിൽ ഇടപെട്ടതിനു തെളിവുകളുണ്ട്. അതായത് ഇത് യാദൃച്ഛികമായി സംഭവിച്ച ഒരു കുറ്റമല്ല, മറിച്ച് സുസംഘടിതമായ ഒരു ഗൂഢാലോചന തന്നെ ഇതിന്റെ പിന്നിലുണ്ടെന്നർത്ഥം.
നിസഹകരണം
അന്വേഷണ കമ്മിഷൻ നേരിട്ട ഒരു പ്രധാന പ്രശ്നം ട്രംപ് അന്വേഷണത്തോട് പരിപൂർണമായി നിസഹകരിച്ചതായിരുന്നു. വൈറ്റ് ഹൗസിൽ നിന്ന് അന്വേഷണത്തിനാവശ്യമായ ഒരു രേഖയും ട്രംപ് നൽകിയില്ല. പ്രസിഡന്റ് നിക്സണെ വിചാരണ ചെയ്ത സമയത്ത് പോലും ഇത്തരത്തിലുള്ള നിസഹകരണം വൈറ്റ് ഹൗസിൽ നിന്നുണ്ടായിട്ടില്ല. മാത്രമല്ല എല്ലാ ഘട്ടത്തിലും അന്വേഷണത്തെ തകിടം മറിക്കാൻ ട്രംപ് എല്ലാ സ്വാധീനവും ഉപയോഗിച്ചു. ഇത് അമേരിക്കൻ ഭരണകൂടത്തിന്റെ പ്രവർത്തനത്തിന്റെ അടിസ്ഥാനതത്വങ്ങൾക്ക് വിരുദ്ധമാണ്.വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള അധികാര സന്തുലിതാവസ്ഥയുടെ നഗ്നമായ ലംഘനവുമാണ്. ഭാവിയിൽ എല്ലാത്തരം അന്വേഷണങ്ങളും അട്ടിമറിക്കപ്പെടാൻ സാദ്ധ്യതയുള്ള കീഴ്വഴക്കമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
രാഷ്ട്രീയ ചേരിതിരിവ്
കമ്മിഷൻ പുറത്തുവിട്ട റിപ്പോർട്ടിനോട് കടുത്ത എതിർപ്പാണ് ഭരണകക്ഷിയായ റിപ്പബ്ളിക്കൻ പാർട്ടി പ്രകടിപ്പിച്ചിട്ടുള്ളത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ അഭിപ്രായം രാഷ്ട്രീയ നേട്ടത്തിനുള്ള തീർത്തും പക്ഷപാതപരവും ഏകപക്ഷീയവുമായ റിപ്പോർട്ടാണിതെന്നാണ് . അടുത്ത വർഷം നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ട്രംപിനെതിരെ ഒന്നും പറയാനില്ലാത്തവരുടെ ആശങ്ക മാത്രമാണ് കുറ്റപത്രമെന്ന് അവർ ആരോപിക്കുന്നു.
ഇനി മൊഴിയെടുപ്പ്
റിപ്പോർട്ട് പുറത്തുവന്നതോടെ കുറ്റവിചാരണയുടെ അടുത്ത ഘട്ടമായ മൊഴിയെടുപ്പിലേക്ക് കടക്കുകയാണ്. ഹൗസ് ഒഫ് റെപ്രസന്റേറ്റീവ് രൂപീകരിക്കുന്ന ജുഡിഷ്യൽ കമ്മിറ്റിയായിരിക്കും സാക്ഷികളെ വിസ്തരിച്ച് മൊഴിയെടുക്കുക. ഈ കമ്മിഷൻ പ്രസിഡന്റിന് എതിരെയുള്ള കുറ്റങ്ങൾ വ്യക്തമായി സ്ഥാപിച്ചെടുക്കേണ്ടതുണ്ട്. കമ്മിഷൻ വിളിച്ചാൽ പ്രസിഡന്റ് ഉൾപ്പെടെ ഹാജരാകേണ്ടത് രാഷ്ട്രീയ മര്യാദയാണ്. എന്നാൽ ഹാജരാകില്ലെന്ന് മാത്രമല്ല തന്റെ അഭിഭാഷകനെ പോലും അയയ്ക്കില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. കമ്മിഷന്റെ തലവൻ മാനസിക സുഖമില്ലാത്തയാളാണെന്നും സ്വതസിദ്ധമായ ശൈലിയിൽ ട്രംപ് ആഞ്ഞടിച്ചിട്ടുമുണ്ട്. ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള കമ്മിഷനായതിനാൽ ട്രംപിനെതിരായിരിക്കും കണ്ടെത്തലുകൾ. അതേസമയം കടുത്ത രാഷ്ട്രീയ വാദപ്രതിവാദങ്ങളുടെ വേദിയായിരിക്കും മൊഴിയെടുപ്പ് വേള.
ട്രംപ് പുറത്താകുമോ
ഹൗസ് ജുഡിഷ്യൽ കമ്മിഷന്റെ കുറ്റവിചാരണാ പത്രം ഹൗസ് ഒഫ് റപ്രസന്റേറ്റീവ്സ് പാസാക്കിയാലാണ് അടുത്ത ഘട്ടത്തിലേക്കു കടക്കുക. ഡെമോക്രാറ്റുകൾക്ക് ഹൗസ് ഒഫ് റപ്രസന്റേറ്റീവിൽ ഭൂരിപക്ഷമുള്ളതുകൊണ്ട് ട്രംപിനെതിരായ പ്രമേയം അവിടെ പാസാകും. പിന്നീടാണ് ഇക്കാര്യം അമേരിക്കൻ കോൺഗ്രസിന്റെ ഉപരിസഭയായ സെനറ്റ് പരിഗണിക്കുക. അവിടെ ഭൂരിപക്ഷം റിപ്പബ്ളിക്കൻസിനായതിനാൽ. ഇംപീച്ച്മെന്റ് വാദം അവിടെ പാസാകുവാൻ സാദ്ധ്യതയില്ല. കടുത്ത രാഷ്ട്രീയ ചേരിതിരിവിൽ നടക്കുന്ന ഈ വിചാരണയിൽ ദേശീയ താത്പര്യത്തേക്കാളും ഭരണഘടനാ ലംഘനത്തേക്കാളും ഉപരിയായി സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾക്കായിരിക്കും മുൻതൂക്കം. ട്രംപിന്റേത് ഭരണഘടനാ ലംഘനമായി നിഷ്പക്ഷകർ വിലയിരുത്തുന്നു. എന്നാൽ ഇടുങ്ങിയ രാഷ്ട്രീയ താത്പര്യങ്ങൾക്കിടയിൽ ഭരണഘടനാ ലംഘനം നടത്തിയ ഒരു പ്രസിഡന്റ് ശിക്ഷിക്കപ്പെടാതെ പോകാനാണ് സാദ്ധ്യത. അമേരിക്കൻ ജനാധിപത്യത്തിന് സംഭവിച്ചിരിക്കുന്ന അപചയത്തിന്റെ മറ്റൊരു ഉദാഹരണമായിരിക്കും കുറ്റവിചാരണയും അനുബന്ധ വിവാദങ്ങളും. കടുത്ത രാഷ്ട്രീയ ചേരിതിരിവിന് കാരണമായിരിക്കയാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറ്റവിചാരണ സ്വാധീനിക്കാൻ സാദ്ധ്യതയില്ല. എന്നിരുന്നാലും പ്രചാരണരംഗത്ത് ട്രംപിനെ ഒരു പരിധിവരെയെങ്കിലും പ്രതിരോധത്തിലാക്കാൻ പോന്നതാണ് ഈ നടപടിക്രമങ്ങളും അതിലെ ചർച്ചാവിഷയങ്ങളും.