rdhi

കരിയറിൽ ഒട്ടേറെ വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു കാലത്ത് സെക്സ് കോമഡികൾ മാത്രം ചെയ്യാനേ നിർമാതാക്കൾ തന്നെ സമീപിച്ചിട്ടുള്ളൂവെന്ന് ബോളിവുഡ് നടി രാധിക ആപ്‌തേ. പ്രോജക്ടുകൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള മാനദണ്ഡങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. ഫിലിം മേക്കേഴ്‌സിന്റെ കാഴ്ചപ്പാടുകളോട് ഒരു തരത്തിലും യോജിക്കാൻ കഴിഞ്ഞില്ലെങ്കിൽ താൻ ആ പ്രോജക്ട് ഏറ്റെടുക്കില്ലെന്നു പറഞ്ഞപ്പോഴാണ് ഒരു കാലത്ത് തന്നെത്തേടി തുടർച്ചയായി സെക്‌സ് കോമഡി അവസരങ്ങൾ എത്തിയതിനെക്കുറിച്ച് താരം പരാമർശിച്ചത്. 'ബദലാപുർ' എന്ന ചിത്രത്തിലെ ഒരു സീനിൽ താൻ ചെയ്ത കഥാപാത്രത്തെ ഒരാൾ മാനഭംഗപ്പെടുത്താൻ ശ്രമിക്കുമ്പോൾ ബലമായി അയാൾ ഇരയെ വിവസ്ത്രയാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ആ ദൃശ്യങ്ങൾ കണ്ടതിനു ശേഷമാണ് പലരും സെക്സ് കോമഡി പ്രോജക്ടുകളുമായി തന്നെ സമീപിച്ചതെന്നും രാധിക പറയുന്നു.

''എനിക്കതിശയം തോന്നുന്നു. ഒരു ചിത്രത്തിൽ എന്റെ കഥാപാത്രത്തെ മാനഭംഗപ്പെടുത്താനും കൊല്ലാനും ശ്രമിക്കുന്ന ഒരു മനുഷ്യൻ ഇരയുടെ വസ്ത്രം ബലംപ്രയോഗിച്ച് അഴിച്ചെടുത്തതു കണ്ട് ആ കഥാപാത്രം ചെയ്ത സ്ത്രീയ്ക്ക് സെക്‌സ് കോമഡികളിലേക്ക് ക്ഷണം ലഭിക്കുക. ഒരു ഹ്രസ്വചിത്രത്തിലും വിവസ്ത്രയാകുന്ന രംഗമുണ്ട്''.

ഫിലിംമേക്കറുടെ കാഴ്ചപ്പാടിനോടോ, വ്യാഖ്യാനങ്ങളോടോ ഒരു തരത്തിലും യോജിക്കാൻ കഴിയാത്ത ഒരു ചിത്രം താൻ ഒരിക്കലും ചെയ്യില്ലെന്നും രാധിക ഉറപ്പിച്ചു പറയുന്നു. "സ്ത്രീകളോട് മോശമായി പെരുമാറുന്നവരോട് തിരിച്ചും അതേ നാണയത്തിൽ പെരുമാറാൻ കഴിയണം. പുരുഷന്മാരെപ്പോലെ സ്ത്രീ പെരുമാറണം എന്നാണ് പലരും ആവശ്യപ്പെടുന്നത്. പക്ഷേ, സ്ത്രീകൾ ഒരിക്കലും പുരുഷനെപ്പോലെയാകാൻ ആഗ്രഹിക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം. ഒരു സ്ത്രീ എന്ന നിലയിൽ ഒരുപാടു ചിത്രങ്ങൾ എന്നെ അലോസരപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെക്കുറിച്ചാണെന്ന് കേട്ടാൽ സമത്വത്തെക്കുറിച്ചാണ് സംസാരമെന്നൊക്കെയാണ് പലരുടെയും അഭിപ്രായം. ഒരുപാടു വേദികളിൽ ഇതു സംബന്ധിച്ച് എനിക്ക് ഭൂരിപക്ഷവുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അത് തെറ്റോ, ശരിയോ, നല്ലതോ, ചീത്തയോ എന്നൊന്നും എനിക്കറിയില്ല''.ഇതാണ് രാധികയുടെ അഭിപ്രായം. പരമ്പരാഗത സങ്കല്പങ്ങളെ ലംഘിക്കുന്ന സിനിമകളും ഉണ്ടാകേണ്ടതുണ്ടെന്നാണ് താരത്തിന്റെ നിലപാട്.