കിളിമാനൂർ: അടച്ചുറപ്പില്ലാത്ത വീട്ടിൽ തറയിൽ പുൽപ്പായയിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിന്റെ നെഞ്ചിലൂടെ ഉഗ്രവിഷമുള്ള അണലി ഇഴഞ്ഞു കയറി. ഞെട്ടിയുണർന്ന യുവാവ് പാമ്പിനെ തട്ടിയെറിഞ്ഞതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. ചൂട്ടയിൽ കുന്നുവിള വീട്ടിൽ സന്തോഷാണ് (33) പാമ്പുകടിയിൽ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. ഇന്നലെ പുലർച്ചെ 2.30നായിരുന്നു സംഭവം. സന്തോഷും അമ്മ ദേവയാനിയും ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. പഞ്ചായത്തിൽ നിന്നുകിട്ടിയ വീടാണ് ഇവർക്കുള്ളത്. കതകുകൾ ഇല്ലാത്ത വീട്ടിൽ, തറയിൽ പായ വിരിച്ച് കിടക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയൽവാസി ബിനു അണലിയെ പിടികൂടി ഒരു ബക്കറ്റിലാക്കി. തുടർന്ന്
പാലോട് ഫോറസ്റ്റോഫീസിൽ വിവരമറിയിച്ചു. അവരുടെ നിർദ്ദേശപ്രകാരം ആനാകുടി സ്വദേശിയായ പാമ്പുപിടിത്തക്കാരൻ രാജേഷ് തിരുവാമനൻ രാവിലെ എത്തി പ്ലാസ്റ്റിക് കുപ്പിയിലാക്കി കൊണ്ടുപോവുകയായിരുന്നു .