തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിക്കേണ്ട കാലാവധി അവസാനിച്ചിട്ടും കരാർ ലംഘനം നടത്തിയ അദാനി ഗ്രൂപ്പിന് സർക്കാർ ഒത്താശ ചെയ്യുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും എം.വിൻസന്റ് എം.എൽ.എയും വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
നാലുവർഷം കൊണ്ട് തുറമുഖ നിർമ്മാണത്തിനായി അദാനി ഗ്രൂപ്പ് എന്തു ചെയ്തെന്ന് സർക്കാർ പറയണം. കരാർ അനുസരിച്ച് മൂന്നു മാസം കൂടി കഴിഞ്ഞാൽ അദാനി ഗ്രൂപ്പ് സർക്കാരിന് ദിനംപ്രതി 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. പദ്ധതി 600 ദിവസം പിന്നിട്ട ജൂലായിൽ ഒന്നാംഘട്ട നിർമ്മാണത്തിന്റെ 25 ശതമാനം പൂർത്തിയാക്കിയില്ലെന്നാണ് അദാനി ഗ്രൂപ്പിന് നൽകിയ കത്തിൽ സർക്കാർ വ്യക്തമാക്കിയത്. എന്നിട്ടും നഷ്ടപരിഹാരം ഈടാക്കാൻ സർക്കാർ നടപടികളെടുത്തോ? പദ്ധതി വൈകുന്നതിന് പാറയുടെ ലഭ്യതക്കുറവും പ്രകൃതിക്ഷോഭവുമാണ് കാരണമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിയമസഭയിൽ നൽകിയ മറുപടി അവരെ സഹായിക്കാനാണ്. അവരുടേതല്ലാത്ത കാരണങ്ങളാൽ പദ്ധതി മുടങ്ങിയാൽ നഷ്ടപരിഹാരം നൽകേണ്ടെന്ന വ്യവസ്ഥ കരാറിലുണ്ട്.വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാക്കേണ്ട ദിവസം മുഖ്യമന്ത്രി ദക്ഷിണ കൊറിയയിലെ ബുസാൻ തുറമുഖം സന്ദർശിക്കുകയായിരുന്നു.
തുറമുഖ റോഡ്, കണ്ടെയ്നർ യാഡ്, ടെർമിനൽ നിർമ്മാണം, ആധുനിക മത്സ്യബന്ധന തുറമുഖം, സേനാവിഭാഗത്തിനുളള സജ്ജീകരണങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ വേണ്ടിയിരുന്നത്. പദ്ധതിച്ചെലവായ 7525 കോടിയിൽ സർക്കാർ മുതൽമുടക്കായ 5071 കോടി മാത്രമാണ് അദാനി ഒന്നാംഘട്ടത്തിന് ഉപയോഗിച്ചതെന്ന ആരോപണം ശക്തമാണ്. 500 ഏക്കർ സർക്കാർഭൂമി ചുളുവിൽ കൈക്കലാക്കി പദ്ധതി നീട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചാൽ ശക്തമായി ഇടപെടണം.ഇനിയും ഒരു ലക്ഷം ടൺ കല്ല് കിട്ടിയാലേ പുലിമുട്ട് നിർമ്മാണം പൂർത്തിയാക്കാനാകൂവെന്നാണ് പറയുന്നത്. വിഴിഞ്ഞത്തിന് പാറ ലഭ്യമാക്കുന്നതിന്റെ മറവിൽ നിരവധി ക്വാറികൾക്ക് സർക്കാർ അനുമതി നൽകിയിട്ടും പാറയെത്തിയോ എന്ന ചോദ്യമാണുയരുന്നത്. പദ്ധതിയുടെ മേൽനോട്ടത്തിന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി രൂപീകരിക്കപ്പെട്ട സമിതി എന്തു ചെയ്തെന്നറിയാൻ ജനത്തിന് താല്പര്യമുണ്ട്. തുറമുഖവും കാഴ്ചബംഗ്ലാവും മാത്രം നോക്കാൻ ജനങ്ങളുടെ പണം കൊണ്ട് ഒരു മന്ത്രിയെ തീറ്റിപ്പോറ്റിയിട്ടും ഒരു അവലോകനം പോലും നടത്താനായില്ല.- ചെന്നിത്തല കുറ്റപ്പെടുത്തി.