കിളിമാനൂർ: പൊതുജനാരോഗ്യ സേവന രംഗത്ത് മാതൃകയായി പുളിമാത്ത് ഗവ. ആയുർവേദ ആശുപത്രി. പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ആയുർവേദ ആശുപത്രിയിൽ കഴിഞ്ഞ ദിവസം സിദ്ധ ചികിത്സാ കേന്ദ്രം കൂടി ആരംഭിച്ചതോടെ എല്ലാവിധ ആയുർവേദ ചികത്സയും ലഭ്യമാകുന്ന ആരോഗ്യ കേന്ദ്രമായി പുളിമാത്ത് ഗവ. ആയുർവേദ ആശുപത്രി മാറിയതോടൊപ്പം പുളിമാത്ത് പഞ്ചായത്ത് പൊതു ജനങ്ങൾക്ക് എല്ലാ ചികിത്സ വിഭാഗങ്ങളുടെയും സേവനം ലഭിക്കുന്ന ഗ്രാമ പഞ്ചായത്തായി മാറുകയും ചെയ്തു. ആയുർവേദ ആശുപത്രിയുടെ കീഴിൽ നിരവധി ചികിത്സാ പദ്ധതികൾ അരംഭിച്ചതോടെ പ്രതിദിനം 250 ഓളം പേരാണ് ഇപ്പോൾ ഒ.പി.യിൽ എത്തുന്നത്. പഴയ കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് ആശുപത്രി മാറിയതോടെ കിടത്തി ചികിത്സ ഉൾപ്പെടെയുള്ള ചികിത്സയ്ക്കും സൗകര്യമായി. വ്യത്യസ്ത പദ്ധതികൾക്കായി പഞ്ചായത്തും യഥാസമയങ്ങളിൽ ഫണ്ട് അനുവദിച്ചതോടെ പ്രവർത്തനങ്ങളും തടസമില്ലാതെ നടക്കുന്നതായി മെഡിക്കൽ ഓഫീസർ പറയുന്നു.