ഒരു മഹാപ്രളയമുൾപ്പെടെ രണ്ടുപ്രളയങ്ങളാണ് കുറഞ്ഞൊരു നാളുകൾക്കിടയിൽ കേരളം നേരിടേണ്ടിവന്നത്. മഹാപ്രളയം സൃഷ്ടിച്ച മഹാനാശങ്ങൾ പേടിപ്പെടുത്തുന്ന ഓർമ്മയായി മലയാളികളുടെ മനസിൽ ഇപ്പോഴുമുണ്ട്. പ്രളയം സർവതും തകർത്ത ഇടങ്ങളിൽ എല്ലാം പഴയപടി ആക്കുക മാത്രമല്ല പുതിയൊരു കേരളത്തിന്റെ സൃഷ്ടികൂടി ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു സർക്കാർ രൂപം നൽകിയ നവകേരള നിർമ്മാണ പദ്ധതി.
എന്നാൽ ഇതിനായി നീക്കിവച്ച ആയിരം കോടി രൂപയിൽ ഒരുരൂപ പോലും ഇതുവരെ ചെലവഴിച്ചിട്ടില്ലെന്ന വാർത്ത ശരിക്കും ഞെട്ടലുളവാക്കുന്നതാണ്. മോഹിപ്പിക്കുന്ന പദ്ധതികൾക്ക് രൂപം നൽകുകയും പിന്നീട് സൗകര്യപൂർവം അതിൽനിന്ന് പിൻവാങ്ങുകയും ചെയ്യുന്ന പ്രവണത പതിവായി കാണാറുള്ളതാണെങ്കിലും പ്രളയാനന്തര പുനർനിർമ്മാണ പദ്ധതികളിൽ വീഴ്ച ഉണ്ടാകില്ലെന്ന വിശ്വാസമാണ് സർക്കാർ തകർത്തുകളഞ്ഞത്. കാരണം ഇൗ പദ്ധതികളുടെ നേട്ടമുണ്ടാകേണ്ടിയിരുന്നത് പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ഒരു വിഭാഗം ജനങ്ങൾക്കാണ്. യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമ്മാണ പദ്ധതികൾ ഏറ്റെടുക്കേണ്ടിടത്ത് അനങ്ങാപ്പാറ നയം കൈക്കൊള്ളുമ്പോൾ ദുരിതബാധിതർ ആരിലാണ് ആശ്രയം തേടേണ്ടത്. പ്രളയം എടുത്തുകൊണ്ടുപോയ കിടപ്പാടത്തിന് പകരം പുതിയ കൂര നിർമ്മിക്കാൻ കാത്തിരിക്കുന്നവർ ധാരാളമുണ്ട്. സർക്കാർ ചട്ടവട്ടങ്ങളുടെ നൂലാമാലകളിൽ കുരുങ്ങി തീർപ്പാകാതെ കിടക്കുന്ന നൂറുകണക്കിന് അപേക്ഷകൾ ഇപ്പോഴുമുണ്ട്. സർക്കാരിന്റെ ഉദ്ദേശശുദ്ധി മനസിലാക്കാതെ സർക്കാർമുറയിൽ മാത്രം നടപടികൾ മുന്നോട്ടുനീക്കുന്ന ഉദ്യോഗസ്ഥർ വളരെയധികമുണ്ട്. എത്ര ഭീകരമായ പ്രളയമുണ്ടായാലും അഗ്നിമഴതന്നെ പെയ്തിറങ്ങിയാലും സ്വതസിദ്ധമായ ശൈലി വിട്ടു പുറത്തുവരാൻ മടിക്കുന്നവരാണവർ.
റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ പഞ്ചായത്ത് റോഡുകൾ , പൊതുമരാമത്ത് റോഡുകൾ, ജീവനോപാധികൾ, കെട്ടിടങ്ങളുടെ പുനർനിർമ്മാണം എന്നീ നാല് വിഭാഗങ്ങൾക്കായി ആയിരം കോടി രൂപയാണ് നീക്കിവച്ചത്. ഓരോ മേഖലയിലും 250 കോടിരൂപവീതം ചെലവിടണമെന്നായിരുന്നു തീരുമാനം. നിർഭാഗ്യകരമെന്നു പറയട്ടെ, പണമുണ്ടായിട്ടും അതെടുത്ത് ചെലവഴിക്കാൻ ശ്രമമുണ്ടായില്ല. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടായതെന്ന് ഒൗദ്യോഗിക കേന്ദ്രങ്ങൾ വിശദീകരിക്കുന്നുമില്ല. നാടായ നാടുമുഴുവൻ പ്രളയത്തിലും അല്ലാതെയും തകർന്ന റോഡുകളുടെ ദുരവസ്ഥയാണ് ജനങ്ങളുടെ പ്രധാന ചർച്ചാവിഷയം. അവിടെയുമിവിടെയുമൊക്കെ നല്ല റോഡുകൾ ഇല്ലെന്നല്ല. എന്നാൽ ഗ്രാമീണ റോഡുകൾ അമ്പേ ഗതാഗതം അസാദ്ധ്യമാക്കുംവിധം തകർന്നു തരിപ്പണമായി കിടക്കുകയാണ്. ഗ്രാമീണ റോഡുകൾ നന്നാക്കാൻ കേന്ദ്ര ഫണ്ടിൽനിന്ന് ഒരു പൈസപോലും നൽകില്ലെന്ന് കേന്ദ്രം അറിയിച്ചുകഴിഞ്ഞു. ആ ബാദ്ധ്യത അപ്പാടെ സംസ്ഥാന സർക്കാർതന്നെ ഏറ്റെടുക്കേണ്ട സ്ഥിതിയാണിപ്പോൾ. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നീക്കിവച്ച 250 കോടിരൂപ കൊണ്ടുമാത്രം തീരുന്ന പണിയല്ല ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണം. എന്നാലും പദ്ധതിപ്രകാരമുള്ള 250 കോടി രൂപ കുറെ അധികം റോഡുകളെങ്കിലും നന്നാക്കിയെടുക്കാൻ പര്യാപ്തമാകേണ്ടതാണ്. അതിനും പക്ഷേ ഇതുവരെ നടപടി ഇല്ലെന്ന് വന്നാൽ ഇനി എന്നാണ് ഇതൊക്കെ ശരിയാവുക. ദിവസങ്ങൾ നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും ജീവനോപാധികൾ പൂർണമായും നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങളുണ്ട്. അടിയന്തര പരിഗണനയോടെ ദുരിതബാധിത കുടുംബങ്ങൾക്ക് നഷ്ടപ്പെട്ട ജീവനോപാധികൾ നൽകുമെന്ന് ദുരന്തത്തിന്റെ ആദ്യനാളുകളിൽത്തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നതാണ്. കുറച്ചുപേർക്ക് ഏറിയും കുറഞ്ഞും സഹായം ലഭിച്ചിട്ടുണ്ടാകാം. എന്നാൽ ഇൗ പദ്ധതിക്കായി നീക്കിവച്ച 250 കോടി ചെലവിടാതെ അതേ രൂപത്തിൽ ഇപ്പോഴും സർക്കാരിന്റെ പക്കൽത്തന്നെയാണ്. ദുരിതബാധിതരോടുള്ള സഹാനുഭൂതി പ്രഖ്യാപനങ്ങളിൽ ഒതുങ്ങേണ്ടതല്ല. പ്രളയത്തിന് നാശനഷ്ടം സംഭവിച്ച കെട്ടിടങ്ങളുടെ പുനർനിർമ്മാണത്തിന്റെ കഥയും ഇതുപോലൊക്കെയാണ്. ഇൗ മേഖലയ്ക്കായി നീക്കിവച്ച 250 കോടിരൂപ അതേപടി ഇപ്പോഴും കിടപ്പുണ്ട്.
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ. പ്രളയാനന്തര പുനർനിർമ്മാണ പദ്ധതികൾക്ക് നീക്കിവച്ച ആയിരം കോടിരൂപ സാമ്പത്തിക ഞെരുക്കം കാരണംവഴിമാറ്റിയതുകൊണ്ടാവുമോ അതിൽനിന്ന് ചില്ലിക്കാശ് ചെലവഴിക്കാത്തതെന്നറിയില്ല. അല്ലെങ്കിലും വിവിധ വകുപ്പുകൾക്ക് അനുവദിക്കുന്ന വിഹിതം പൂർണമായി ചെലവഴിക്കുന്നത് വളരെ അപൂർവമാണ്. സാമ്പത്തിക വർഷം അവസാനിക്കാറാകുമ്പോൾ വല്ലവിധേനയും ഫണ്ട് വിനിയോഗം നിശ്ചിത ലക്ഷ്യത്തിലെത്തിക്കാൻ അത്യദ്ധ്വാനം തന്നെ നടത്തേണ്ടിവരാറുണ്ട്.
പദ്ധതി നടത്തിപ്പിലെ പാളിച്ചകളും വീഴ്ചകളും ഫണ്ട് ലാപ്സാക്കലും പുതുമയുള്ള കാര്യവുമല്ല.
വേഗത്തിൽ തീരുമാനമെടുത്ത് നടപ്പിലാക്കേണ്ട ദുരന്തനിവാരണ പദ്ധതികൾ അനാസ്ഥകാരണം നീണ്ടുനീണ്ടുപോകുന്നതിന് ന്യായീകരണമൊന്നുമില്ല. ദുരിതബാധിതരോട് കാണിക്കുന്ന കൊടും ചതിയാണത്. ആവശ്യത്തിലേറെ ഉദ്യോഗസ്ഥർ എല്ലാ വകുപ്പുകളിലുമുണ്ട്. എന്നിട്ടും ദുരന്തനിവാരണവും പുനർനിർമ്മാണവും പോലുള്ള ജനകീയ ആവശ്യങ്ങളുടെ നടത്തിപ്പിൽ ഇതുപോലുള്ള അലംഭാവം ഉണ്ടാകുന്നത് പിടിപ്പുകേടുതന്നെയാണ്.