ആറ്റിങ്ങൽ: പരിസ്ഥിതി വകുപ്പിന്റെ ഉത്തരവ് പ്രകാരം, ഒരു തവണ മാത്രം ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ജനുവരി 1 മുതൽ സംസ്ഥാനത്ത് പൂർണമായും നിരോധിക്കും.

ഇതിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ പ്ലാസ്റ്റിക് കാരി ബാഗുകൾ, ഒറ്റത്തവണ ആവശ്യത്തിനുള്ള പ്ലാസ്റ്റിക് എന്നിവ ഉപയോഗിക്കുന്നത് കുറ്റകരമാണ്. നിയമ ലംഘനം നടത്തുന്ന നിർമ്മാതാക്കൾ, മൊത്തവിതരണക്കാർ, ചെറുകിട വില്പനക്കാർ, കടക്കാർ, വിൽക്കുന്നവർ എന്നിവർക്കെതിരെ 10,​000 രൂപ പിഴ ആദ്യഘട്ടത്തിൽ ഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

രണ്ടാമതും ലംഘനം നടത്തിയാൽ 25,​000 രൂപ ഈടാക്കാനാണ് തീരുമാനം. കൂടാതെ സ്ഥാപനത്തിന്റെ പ്രവർത്തനാനുമതി റദ്ദാക്കും. പൊതുജനങ്ങളും വ്യാപാരികളും ഇതൊരറിയിപ്പായി കരുതി പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കണമെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

നിലവിൽ ആറ്റിങ്ങൽ നഗരസഭയിൽ പ്ലാസ്റ്റിക് കാരി ബാഗുകളും നിരോധിത ഒറ്റതവണ ഉപയോഗത്തിനായുള്ള കപ്പുകൾ, പ്ലേറ്റുകൾ, നോൺവുവൻ കാരി ബാഗുകൾ, പായ്ക്കിംഗ് പ്ലാസ്റ്റിക്കുകൾ എന്നിവ ഡിസംബർ 15 ന് മുമ്പ് കച്ചവടക്കാർ / വിതരണക്കാർ / ഉപയോഗിക്കുന്നവർ ഒഴിവാക്കേണ്ടതും, ആറ്റിങ്ങൽ നഗരസഭ നേരത്തേ ഇത്തരം സാമഗ്രികൾ നിരോധിച്ചിട്ടുള്ളതിനാൽ 16 മുതൽ സ്ഥാപനങ്ങൾ, മാർക്കറ്റുകൾ എന്നിവയിൽ കർശന പരിശോധന നടത്താനും തീരുമാനിച്ചു.