തിരുവനന്തപുരം: മാർക്ക് ദാനവുമായി ബന്ധപ്പെട്ട് ഗവർണർ അവിശ്വാസം രേഖപ്പെടുത്തിയ സാഹചര്യത്തിൽ മന്ത്രി കെ.ടി. ജലീൽ രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സർവകലാശാലകളിൽ മന്ത്രി നേരിട്ട് ഇടപെടുന്നതിന്റെയും ഫയലുകൾ വിളിച്ചുവരുത്തുന്നതിന്റെയും തെളിവായി ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവും ചെന്നിത്തല പുറത്തുവിട്ടു. ജലീൽ തയ്യാറാകുന്നില്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തിൽ നിന്ന് രാജി എഴുതി വാങ്ങണം.
സർവകലാശാലകളെ മന്ത്രി ഓഫീസിന്റെ എക്‌സ്റ്റൻഷനാക്കി മാറ്റാനാണ് ജലീൽ ശ്രമിച്ചത്. സർവകലാശാലകളിലെ പരീക്ഷാക്രമക്കേട് ഇതിന്റെ ഭാഗമാണ്. സാങ്കേതിക സർവകലാശാലയിൽ ഉത്തരക്കടലാസ് മൂന്നാംതവണയും പുനർമൂല്യനിർണയം നടത്തണമെന്ന വിദ്യാർത്ഥിയുടെ ആവശ്യം വൈസ്ചാൻസലർ നിരസിച്ചിട്ടും അദാലത്തിലൂടെ മന്ത്രി അനുകൂല തീരുമാനമെടുപ്പിച്ചു.
അദാലത്ത് നടത്തുന്നത് സർവകലാശാലകളാണെന്നും ആരാന്റെ കുറ്റം തന്റെ തലയിൽ വച്ചുകെട്ടരുതെന്നുമാണ് മന്ത്രി പറയുന്നത്. എന്നാൽ ഇക്കൊല്ലം ഫെബ്രുവരി നാലിന് ഉന്നത വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിൽ വിവിധ സർവകലാശാലകളിൽ തീരുമാനമാകാതെ കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനായി താൻ പങ്കെടുക്കുന്ന അദാലത്ത് നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി നിർദ്ദേശിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിയുടെ ഇടപെടൽ ആവശ്യമുള്ള ഫയലുകൾ മാത്രം അദ്ദേഹത്തിന്റെ പരിഗണനയ്ക്ക് വിടണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. അനുമതിയില്ലാതെ മന്ത്രി സർവകലാശാലകളുടെ അദാലത്തിൽ പങ്കെടുക്കുന്നതും തീരുമാനങ്ങൾ കൈക്കൊള്ളുന്നതും അധികാര ദുർവിനിയോഗമാണെന്നാണ് ഗവർണറുടെ സെക്രട്ടറി നൽകിയ കുറിപ്പിലുള്ളത്. പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് അതിനുള്ള തെളിവാണ്.
നിത്യോപയോഗസാധനങ്ങളുടെ വില ക്രമാതീതമായി ഉയർന്നിട്ടും നിയന്ത്രിക്കാൻ സർക്കാർ നടപടിയെടുക്കുന്നില്ല. ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് പോലെ വിദേശയാത്രയിൽ മാത്രമാണ് മന്ത്രിമാർക്ക് താത്പര്യം. ശ്രീചിത്ര മെഡിക്കൽസെന്ററിൽ പാവപ്പെട്ടവർക്കുള്ള ചികിത്സായിളവ് പരിമിതപ്പെടുത്തിയ ഉത്തരവ് പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.