കിളിമാനൂർ: റോഡ് വികസനത്തിന്റെ ഭാഗമായി സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മണ്ണിടിച്ച് കടത്തിയതായി പരാതി. അടയമൺ -തൊളിക്കുഴി റോഡിലെ കയറ്റത്തിലായുള്ള ഭൂമി ഇടിച്ചു നിരത്തിയതായി കാണിച്ച് വസ്തു ഉടമയുടെ സഹോദരി പുത്രൻ അടയമൺ കുന്നിൽ വീട്ടിൽ വിനോദാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇളയമ്മയായ സുധർമണിയുടെ വസ്തുവിൽ തങ്ങളുടെ അറിവോ സമ്മതമോ കൂടാതെയാണ് റോഡ് വികസനത്തിന്റെ ഭാഗമായെന്നു പറഞ്ഞ് ജെ.സി.ബി.ഉപയോഗിച്ച് മണ്ണിടിച്ചു മാറ്റിയത്. നിലവിലുള്ള റോഡ് വീതി കൂട്ടുന്നതിനാണ് ഇത്തരത്തിൽ മണ്ണിടിച്ചതത്രേ. എന്നാൽ കരാർ വ്യവസ്ഥയിൽ റോഡിന് വീതി കൂട്ടാൻ പദ്ധതി ഇല്ലന്ന് പി.ഡബ്ലിയു.ഡി.അസിസ്റ്റന്റ് എൻജിനീയർ പറയുന്നു. ഇക്കാര്യവും പരാതിയിലുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.