img

വർക്കല: അറുപതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് അജൈവ മാലിന്യ സംസ്കരണ രംഗത്ത് ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെ മുന്നേറ്റം. എണ്ണായിരത്തോളം വീടുകളും 400ഓളം വ്യാപാര സ്ഥാപനങ്ങളുമുളള പഞ്ചായത്ത് പ്രദേശത്ത് പ്രതിമാസം ശരാശരി 15 ടൺ മാലിന്യമാണ് ഉത്പാദിപ്പിക്കുന്നത്. ഹരിതകേരള മിഷന്റെ ഭാഗമായി 2018 ജനുവരിയിൽ 10 പേരടങ്ങുന്ന ഹരിതകർമ്മ സേന രൂപീകരിക്കുകയും സർവേ പ്രവർത്തനവും ബോധവത്കരണവും ആരംഭിച്ചു. മേയ് മാസത്തോടെ സർവേ പ്രവർത്തനം പൂർത്തിയാക്കി മാലിന്യശേഖരണം തുടങ്ങി. തോക്കാട് ആസ്ഥാനമായി എല്ലാ സജ്ജീകരണങ്ങളോടെയും അജൈവമാലിന്യങ്ങൾ വേർതിരിച്ച് സംഭരിക്കുന്നതിനും വൃത്തിയാക്കി സൂക്ഷിക്കുന്നതിനും എം.സി.എഫും ആരംഭിച്ചു. മാലിന്യശേഖരണത്തിന് വീടുകളിൽ നിന്നും പ്രതിമാസം 30 രൂപയും വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് 60 രൂപയും ഈടാക്കി. 2019ൽ ഹരിതകർമ്മസേന അംഗങ്ങളുടെ എണ്ണം 17 ആക്കി വർദ്ധിപ്പിച്ചു. അതോടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കൃത്യതയും വേഗതയും കൈവന്നു. സേനാംഗങ്ങളുടെ ശമ്പളം പ്രതിമാസം 6000 രൂപയാക്കി. ശമ്പളം, വണ്ടിവാടക, മറ്റു ചെലവുകൾ എന്നീ ഇനങ്ങളിൽ 12,16000 രൂപയാണ് ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത്. സേനാംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മികവുറ്റ പ്രവർത്തനത്തിലൂടെയാണ് ഖരമാലിന്യസംസ്കരണ രംഗത്ത് അഭിമാനകരമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം പറഞ്ഞു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഉറവിട മാലിന്യസംസ്കരണ സംവിധാനങ്ങളായ കമ്പോസ്റ്റ് പിറ്റുകൾ, സോക് പിറ്റുകൾ എന്നിവ എല്ലാ വീടുകളിലും സജ്ജമാക്കുന്നതിനുള്ള പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. അടുത്ത വർഷത്തോടെ സമ്പൂർണ ശുചിത്വഗ്രാമം എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നും ജനുവരി 1 മുതൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കുനുമുള്ള തയ്യാറെടുപ്പിലാണെന്നും പ്രസിഡന്റ് പറഞ്ഞു.